Latest NewsIndiaNews

കശ്മീരിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

കുപ്‌വാര: കശ്മീരിലെ കുപ്‌വാരയിൽ ഒൻപത് വയസുള്ള മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സാബ്-ഖുർഹാമ മേഖലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തിയ കേസിൽ 36 കാരനായ പിതാവിനെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. വീടിനടുത്തുള്ള ഷെഡിൽ കഴുത്ത് മുറിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

കശ്മീരില്‍ ഒമ്പത് വയസ്സുകാരിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. മാര്‍ച്ച് 9 നാണ് വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ ഖുര്‍ഹാമ സാബ് ഏരിയയില്‍ വീടിന് പുറത്ത് കഴുത്തറുത്ത നിലയില്‍ ഒമ്പതു വയസ്സുകാരിയെ കണ്ടെത്തിയത്. പ്രതിയുടെ കുറ്റസമ്മതം കശ്മീര്‍ താഴ്വരയിലുടനീളം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിയ്‌ക്കെതിരെ വിവിധ വിഭാഗങ്ങളില്‍ ജനരോഷമുയരുകയും കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ചോദ്യം ചെയ്യുന്നതിനായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നതായി കുപ്വാര സീനിയര്‍ പോലീസ് സൂപ്രണ്ട് യൂഗല്‍ മന്‍ഹാസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇയാളില്‍ നിന്ന് കണ്ടെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ പിതാവായ എം ഇഖ്ബാൽ ആണ് കേസിലെ മുഖ്യപ്രതിയെന്ന് തെളിഞ്ഞതായി എസ്എസ്പി കുപ്‌വാര യുഗൽ മൻഹാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണ് പ്രതി മകളെ കൊലപ്പെടുത്തിയത്.

‘കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിൽ വഴക്കിട്ടിരുന്നു. കുറ്റകൃത്യം നടന്ന ദിവസം, ഭാര്യയെ ഇയാൾ ശാരീരികമായി ഉപദ്രവിച്ചു. ഒരു ഡ്രൈവറായ ഇയാൾ ആത്മഹത്യ ചെയ്യാനായി ദേഷ്യത്തോടെ ഒരു കത്തിയുമായി വീട്ടിൽ നിന്നും ഇറങ്ങി. പിതാവിനോട് ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞുപറഞ്ഞ മകളും ഇയാളെ പിന്തുടർന്നു. എന്നാൽ, തന്നെ പിന്തുടർന്ന മകളെ വാഹനത്തിൽ വെച്ച് ആദ്യം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശ്വാസംമുട്ടിയായിരുന്നു പെൺകുട്ടി മരണപ്പെട്ടത്. പിന്നീട് ഷെഡിലേക്ക് കൊണ്ടുപോയി കഴുത്ത് അറുക്കുകയായിരുന്നു. നിരാശയിലും രോഷത്തിലുമാണ് ഇയാൾ ഈ കുറ്റകൃത്യം ചെയ്തത്’, പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button