പാലക്കാട്: ശമ്പളം ലഭിച്ചിട്ട് 41 ദിവസമായി എന്ന ബാഡ്ജ് കുത്തി ജോലി ചെയ്ത കെഎസ്ആര്‍ടിസി വനിത ബസ് കണ്ടക്ടര്‍ക്ക് എതിരെ സ്വീകരിച്ച നടപടി കുറഞ്ഞു പോയെന്ന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ജീവനക്കാരിക്ക് എതിരെ കെഎസ്ആര്‍ടിസി സ്വീകരിച്ച അച്ചടക്ക നടപടി എന്തുകൊണ്ടും അഭികാമ്യവും അനിവാര്യവുമാണെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെ പരിഹസിച്ച് അദ്ദേഹം രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘നാല്പത്തിയൊന്ന് ദിവസം ശമ്പളം കിട്ടിയില്ലെന്ന നിസ്സാര കാരണത്താല്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നെഞ്ചില്‍ ബാഡ്ജ് കുത്തി ജോലി ചെയ്ത ജീവനക്കാരിക്കെതിരെ കെഎസ്ആര്‍ടിസി സ്വീകരിച്ച അച്ചടക്കനടപടി എന്തുകൊണ്ടും അഭികാമ്യവും അനിവാര്യവുമാണ് . കൃത്യനിഷ്ഠയോടെയും കാര്യക്ഷമതയോടെയും ലാഭകരമായും നാടിനെ സേവിച്ചു കൊണ്ടിരിക്കുന്ന മഹാപ്രസ്ഥാനമാണല്ലോ കെഎസ്ആര്‍ടിസി . അങ്ങനെയുള്ള നാടിന്റെ സൂര്യതേജസ്സായ സ്ഥാപനത്തെ അപകീര്ത്തിപ്പെടുത്തിയവള്ക്കുള്ള ശിക്ഷ വാസ്തവത്തില്‍ കുറഞ്ഞു പോയി. രണ്ടാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പരസ്യമായി നല്കാന് തന്നെ 120 കോടി ചിലവായിരിക്കുമ്പോഴാണ് കേവലം നാല്പത്തിയൊന്ന് ദിവസത്തെ ശമ്പളത്തിന് കണക്ക് പറയുന്നത്’.
‘ആയിരം കോടി ജനങ്ങളില്‍ നിന്ന് പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് പറഞ്ഞിട്ടുണ്ടല്ലോ. അത് പിരിച്ച് കിട്ടിയാല്‍ അപ്പോള്‍ ശമ്പളം നല്കുന്ന കാര്യം ആലോചിക്കാം . ഇനി ശമ്പളം കിട്ടിയില്ലെന്ന് വെക്കുക , അതിന് ബാഡ്ജ് കുത്തി നമ്പര്‍ വണ്‍ കേരളത്തെ അപമാനിക്കാമോ? സാധാരണ ശമ്പളവും പെന്‍ഷനും കിട്ടാത്ത കെഎസ്ആര്‍ടിസിക്കാര്‍ ചെയ്യാറുള്ളത് പോലെ തൂങ്ങിച്ചത്താല്‍ പോരേ ? അതു കൊണ്ട് സമരംചെയ്ത ജീവനക്കാരിക്കെതിരെ നടപടിയെടുത്ത പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുന്നു’.
Post Your Comments