ഇടുക്കി: പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.
പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു.
ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിൽ ഉണ്ടായിരുന്ന 33 പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 30 പേർ മുണ്ടക്കയത്തെ ആശുപത്രിയിലാണ് ചികിത്സയിലാണുള്ളത്.
Post Your Comments