ഇടുക്കി: കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് യാത്രക്കാർ മരിച്ചതായാണ് റിപ്പോർട്ട്. 37 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.
30 അടിയോളം താഴ്ച്ചയിലേക്ക് ബസ് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ് വാടകക്കെടുത്ത് തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് പോയെന്നാണ് വിവരം. എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നു. 34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തിൽപെട്ടെന്നാണ് ലഭിക്കുന്ന വിവരം.
പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ഹൈവേ പൊലീസ് സംഘവും പുറപ്പെട്ടിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി പോയിട്ടുണ്ട്.
നിരവധി യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അതേസമയം, അപകടത്തിന്റെ തീവ്രത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Post Your Comments