തിരുവനന്തപുരം: ആയുഷ് വകുപ്പിലെ നിയമനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പി കെ ഫിറോസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി.
ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പിഎസ്‌സി വഴിയാണെന്നും ആരോഗ്യവകുപ്പിനെ ഇകഴ്ത്താനുള്ള കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്നും ആയുഷ് വകുപ്പിന് കീഴിലെ 900 തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിച്ചുവെന്നും നേരത്തെ പികെ ഫിറോസ് ആരോപണം ഉന്നയിച്ചിരുന്നു. നിയമനങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം നിയമപരമായി നീങ്ങുമെന്നും പികെ ഫിറോസ് പറഞ്ഞു.
ആയുഷ് വകുപ്പിന് കീഴില്‍ ഡോക്ടര്‍മാര്‍ മുതല്‍ താഴേക്കുളള വിവിധ തസ്തികകളില്‍ 900ത്തോളം പിന്‍വാതില്‍ നിയമനം നടന്നുവെന്നാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ഉയർത്തിയ ആരോപണം. നിയമനം നേടിയവരുടെ പേര് വിവരവും അവരുടെ പാര്‍ട്ടി പശ്ചാത്തലവും ഉള്‍പ്പെടെ പികെ ഫിറോസ് പുറത്തുവിട്ടിരുന്നു.
Post Your Comments