
മലപ്പുറം: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി മുസ്ലീം യൂത്ത് ലീഗ് നേതാവ്. ലീഗ് പ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ലെന്നായിരുന്നു തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യുഎ റസാഖിന്റെ ഭീഷണി. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രസംഗിക്കവെയാണ് റസാഖ് പൊലീസിനെതിരെ ഭീഷണി മുഴക്കിയത്.
പൊലീസ് സ്റ്റേഷന് അകത്ത് കയറാനും മടിയില്ലെന്നും ലീഗ് നേതാക്കളുടെ വീട്ടിൽ അനാവശ്യമായി പൊലീസ് കയറിയാൽ തിരിച്ചും വേട്ടയാടുമെന്നുമാണ് റസാഖിന്റെ മുന്നറിയിപ്പ്. പൊലീസിനെ നിയമപരമായും അല്ലാതെയും നേരിടുമെന്നും യൂത്ത് ലീഗ് നേതാവ് പറയുന്നു.
തിരൂരങ്ങാടിയിലെ ലീഗ് നേതാക്കളുടെ വീട്ടിൽ അർദ്ധ രാത്രിയിൽ പൊലീസ് പരിശോധന നടത്തി. എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ലീഗിന്റെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിന് എതിരല്ല. എന്നാൽ അനാവശ്യമായി വേട്ടയാടാൻ സമ്മതിക്കില്ല. നേരത്തെ പോക്കിരിത്തരം കാണിച്ച പൊലീസുകാരും ഇന്ന് ഓഫീസുകൾ കയറി ഇറങ്ങുകയാണെന്ന് യു എ റസാഖ് പറഞ്ഞു.
Post Your Comments