കല്ലറയിൽനിന്നു കരച്ചിൽ കേട്ട പോലീസ് സംഘം 36 കാരിയെ രക്ഷപ്പെടുത്തി. വിസ്കോണ്ട് ഡോ റിയോ ബ്രാൻകോയിലെ മുനിസിപ്പൽ സെമിത്തേരിയിലാണ് അക്രമികൾ യുവതിയെ ജീവനോടെ മറവു ചെയ്തത്. 28 ന് രാവിലെയാണ് സംഭവം. കട്ടയും സിമൻ്റും ഉപയോഗിച്ചു കല്ലറ അടച്ചതും സമീപത്തു രക്തക്കറയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു സെമിത്തേരി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം, ‘രക്ഷക്കണേ’യെന്ന യുവതിയുടെ നിലവിളി കേട്ടു. ഇതോടെ കല്ലറ തുറന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതിയെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്നു, പ്രദേശം ഭാഗികമായി അടച്ചുവെന്നു വിസ്കോണ്ട് ഡോ റിയോ ബ്രാൻകോ മുൻസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന.
മുഖംമൂടി ധരിച്ച രണ്ടംഗ സംഘം തന്നെ സെമിത്തേരിയിൽ എത്തിച്ച ശേഷം മർദിച്ചുവെന്നും പിന്നാലെ കല്ലറയിൽ മറവു ചെയ്യുകയായിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. അതേസമയം, യുവതിയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നു മിലിറ്ററി പോലീസ് വ്യക്തമാക്കി. രണ്ടംഗ സംഘത്തിനായി ഇവർ മയക്കമരുന്ന് സൂക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികൾക്കായി തെരച്ചിൽ തുടരുന്നതായും പോലീസ് അറിയിച്ചു.
Post Your Comments