ഇടുക്കിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമാണെന്ന് പോലീസ്. അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ സമിതി ഹർത്താൽ നടത്തുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം, ഹർത്താൽ നടത്തുന്നതിന് 7 ദിവസം മുൻപ് നോട്ടീസ് നൽകേണ്ടതാണ്. എന്നാൽ, ഇത് പാലിക്കാതെയാണ് ഇടുക്കിയിൽ ഹർത്താൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹർത്താൽ അനുകൂലികൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഹർത്താലിനെ തുടർന്ന് ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർക്കാണെന്നും നോട്ടീസിൽ പോലീസ് വ്യക്തമാക്കി.
ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിലാണ് ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളെ തുടർന്നാണ് ജനകീയ സമിതി ഹർത്താൽ നടത്തുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അതേസമയം, ഹർത്താൽ അനുകൂലികൾ ചിന്നക്കനാലിലും, പെരിയ കനാലിലും, ബോഡി മെട്ടിലും ദേശീയപാത ഉപരോധിക്കുകയാണ്.
Also Read: ‘ഭാര്യയെ തല്ലാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നു, ആരാണ് ഈ വേട്ടാവളിയൻ?’: മതപണ്ഡിതനെതിരെ മാധ്യമ പ്രവർത്തക
Post Your Comments