ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി. രാജ്യത്തെ വിദ്വേഷം അവസാനിപ്പിക്കാനും വികസന നയങ്ങള്‍ രൂപീകരിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ ആവശ്യമുണ്ടെന്നാണ് ആം ആദ്മിയുടെ വിമര്‍ശനം. ‘മോദി ഹഠാവോ-ദേശ് ബച്ചാവോ’ (മോദിയെ പുറത്താക്കൂ – രാജ്യത്തെ രക്ഷിക്കൂ) ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രസ്താവന.
‘താന്‍ നിരക്ഷരനാണെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. നയ രൂപീകരണത്തിനും വിദ്വേഷം അവസാനിപ്പിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണ്. നിരക്ഷരന് ഒരു രാജ്യം ഭരിക്കാന്‍ കഴിയില്ല. ‘മോദി ഹഠാവോ-ദേശ് ബച്ചാവോ’ ക്യാമ്പയിന്‍ നടത്തുന്നത് കൊണ്ട് പാര്‍ട്ടി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും. പ്രചാരണത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെടാനും സാധ്യതയുണ്ട്’, എഎപി മീഡിയ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നവാബ് നസീര്‍ അമന്‍ പറഞ്ഞു.
‘നമ്മുടെ രാജ്യത്തെ രക്ഷിക്കണമെങ്കില്‍, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയോ എം.കെ ഗാന്ധിയുടെയോ ജവഹര്‍ലാല്‍ നെഹ്റുവിന്റെയോ സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍, നരേന്ദ്ര മോദി മാറണം. കോടതി, ഇഡി, ഇസിഐ തുടങ്ങിയ ഏജന്‍സികളെ മോദി തന്റെ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി നാം ഒരു പുതിയ പോരാട്ടം നടത്തണം. വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെ നമ്മള്‍ തെരഞ്ഞെടുക്കണം’, അദ്ദേഹം പറഞ്ഞു.
Post Your Comments