Latest NewsKeralaNews

കമ്യൂണിസ്റ്റ് ആചാര്യനായ ഇഎംഎസിന്റെ പുസ്തകം വായിക്കുന്നത് നന്ന്, ഷംസീറിന് ഉപദേശവുമായി ബിജെപി നേതാവ്‌

ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാട് നടത്തി കോടികള്‍ സമ്പാദിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ വീരസവര്‍ക്കര്‍ ദേശദ്രോഹിയാണെന്നായിരുന്നു എ.എന്‍. ഷംസീര്‍ കണ്ടുപിടുത്തം: സന്ദീപ് വാചസ്പതി

ആലപ്പുഴ: വീര സവര്‍ക്കറും രാഹുല്‍ ഗാന്ധിയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ സിപിഎം നേതാവും ഇപ്പോള്‍ സ്പീക്കറുമായ എ.എന്‍ ഷംസീര്‍ വീരസവര്‍ക്കറെ കുറിച്ച് പറഞ്ഞത് ഓര്‍ത്തെടുക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാട് നടത്തി കോടികള്‍ സമ്പാദിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ വീരസവര്‍ക്കര്‍ ദേശദ്രോഹിയാണെന്നായിരുന്നു എ.എന്‍. ഷംസീര്‍ കണ്ടുപിടുത്തമെന്ന് സന്ദീപ് വാചസ്പതി പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഷംസീറിന്റെ വിടുവായത്തത്തെ കുറിച്ച് എഴുതിയിരിക്കുന്നത്.

Read Also: നാണം കെട്ടവർ, സംസ്കാരമില്ലാത്തവർക്കേ ഇങ്ങനെ പറയാൻ പറ്റൂ’- സ്മൃതിക്കെതിരായ കോൺഗ്രസ് നേതാവിന്‍റെ പരാമർശത്തിൽ അനിൽ ആൻറണി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

·
‘മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ നടന്ന ചര്‍ച്ചയെപ്പറ്റിയാണ് പറയാനുള്ളത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിന് സാക്ഷിയാകാന്‍ ഈ ചര്‍ച്ചയിലൂടെ അവസരം കിട്ടി. ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാട് നടത്തി കോടികള്‍ സമ്പാദിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ വീരസവര്‍ക്കര്‍ ദേശദ്രോഹിയാണെന്നായിരുന്നു സിപിഎം പ്രതിനിധിയും തലശ്ശേരി എംഎല്‍എയുമായ അഡ്വ എ.എന്‍. ഷംസീര്‍ വാദിച്ചത്. അപ്പോള്‍ തന്നെ അതിന് മറുപടി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവതാരകയുടെ അഭ്യര്‍ത്ഥന മാനിച്ച് പിന്‍വാങ്ങുകയായിരുന്നു. എനിക്ക് കിട്ടിയ അവസരത്തില്‍ മറുപടി പറയാന്‍ തുടങ്ങിയപ്പോഴും സിപിഎം പ്രതിനിധി അദ്ദേഹത്തിന്റെ തനത് സ്വഭാവം കാണിച്ചതിനാല്‍ സാധിച്ചില്ല. കുറേക്കാലമായി ഇക്കൂട്ടര്‍ ഇതേ കാര്യം പറഞ്ഞു നടക്കുന്നുമുണ്ട്. പോത്തിനോട് വേദമോതരുത് എന്നാണ് പ്രമാണമെങ്കിലും ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കുകയാണ്’.

‘വീരസവര്‍ക്കര്‍ രാജ്യദ്രോഹിയായിരുന്നു എന്നൊക്കെ പറയുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിയ്ക്ക് അദ്ദേഹത്തോടുള്ള നിലപാട് എന്തായിരുന്നു എന്ന് പരിശോധിച്ചിട്ട് വേണ്ടേ ഷംസീര്‍, ചര്‍ച്ചയ്ക്ക് വരാന്‍. അക്കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ്. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എഴുതിയ ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം’ എന്ന പുസ്തകം ഷംസീര്‍ വായിക്കണം. അങ്ങനെയൊരു ദുശീലം ഉണ്ടെങ്കില്‍. അതിലെ 5-ാം അദ്ധ്യായം ‘ശിപായി ലഹളയോ, ജനകീയ കലാപമോ?’ എന്നാണ് പേര്. അതേ പുസ്തകത്തിന്റെ 213-ാം പേജിലും എഴുത്തും വായനയും ശീലമായിരുന്ന നമ്പൂതിരിപ്പാട് സവര്‍ക്കറെ പുകഴ്ത്തുന്നുണ്ട്. ആ വാചകങ്ങള്‍ ഇവിടെ എടുത്തെഴുതാത്തത് അങ്ങനെയെങ്കിലും താങ്കള്‍ വായന ശീലമാക്കി ചര്‍ച്ചകളില്‍ മണ്ടത്തരം എഴുന്നള്ളിക്കുന്നത് അവസാനിപ്പിച്ചാലോ എന്ന അത്യാഗ്രഹം കൊണ്ടാണ്’.

‘ഇനി ഷംസീര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഒരാളെ പരിചയപ്പെടുത്താം. രാജാ മഹേന്ദ്ര പ്രതാപ് സിംഗ്. വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമാണ്. മഹേന്ദ്രപ്രതാപിന്റെ വിപ്ലവാശയങ്ങളില്‍ ആകൃഷ്ടനായ വ്‌ളാദിമിര്‍ ലെനിന്‍ അദ്ദേഹത്തെ സോവിയറ്റ് യൂണിയനിലേക്ക് ക്ഷണിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. കാബൂളില്‍ 1915 ല്‍ രൂപീകരിച്ച സ്വതന്ത്ര ഇന്ത്യാ രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രതാപ് സിംഗ് രണ്ടാം ലോകസഭയില്‍ അംഗമായി. മഥുരയില്‍ ജനസംഘ നേതാവ് വാജ്‌പേയിയെ തോല്‍പ്പിച്ചാണ് അദ്ദേഹം എംപിയായത്. 1957ല്‍ തന്നെ അദ്ദേഹം ഒരു ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു’.

‘വീരസവര്‍ക്കര്‍, മഹര്‍ഷി അരവിന്ദന്റെ സഹോദരന്‍ വീരേന്ദ്രകുമാര്‍ ഘോഷ്, സ്വാമി വിവേകാനന്ദന്റെ സഹോദരന്‍ ഡോ. ഭൂപേന്ദ്രനാഥ ദത്ത എന്നിവരുടെ ത്യാഗങ്ങളെ അംഗീകരിക്കണമെന്നായിരുന്നു ബില്ലിലെ ആവശ്യം. അന്ന് ആ ബില്ലിനെ പിന്തുണച്ച് ഘോരംഘോരം വാദിച്ച ഒരു നേതാവിനെ ചിലപ്പോള്‍ ഷംസീര്‍ അറിയുമായിരിക്കും. മലയാളിയാണ്, കണ്ണൂര്‍ പിരളശ്ശേരിക്കാരന്‍ ഒരു ഗോപാലന്‍. എ.കെ ജി എന്ന് വിളിപ്പേരുള്ള ആ ‘രാജ്യദ്രോഹി’യും ഈ രാജ്യദ്രോഹത്തിന് കൂട്ടു നിന്നിട്ടുണ്ട്. വീരസവര്‍ക്കറേപ്പറ്റി പറയാന്‍ ഏറെയുണ്ട്. അതൊക്കെ മനസിലാക്കാന്‍ കുറച്ച് ‘സെന്‍സും’ ‘സെന്‍സിബിലിറ്റി’യും വേണ്ടതിനാല്‍ പറയുന്നില്ല. വേറുതേ വിഷമിപ്പിക്കേണ്ടല്ലോ?. ഇക്കാര്യങ്ങള്‍ പറഞ്ഞത് ഇതൊക്കെ താങ്കളുടെ ആരാധ്യ പുരുഷന്‍മാരുടെ പ്രവര്‍ത്തികളായതിനാലാണ്. സവര്‍ക്കര്‍ എന്ന പേര് ഉച്ചരിക്കാന്‍ പോലും ഒരു യോഗ്യത വേണം. പി.സി ജോഷി, എസ്.എ ഡാങ്കേ, നളിനി ദാസ് ഗുപ്ത എന്നിവരൊക്കെ ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തും മാപ്പിരന്നും സ്വാതന്ത്ര്യ സമരത്തേയും സമര സേനാനികളേയും ഒറ്റിക്കൊടുത്ത് കെട്ടിപ്പടുത്ത താങ്കളുടെ പാര്‍ട്ടിക്ക് വീരസവര്‍ക്കറെ അംഗീകരിക്കാനുള്ള സദ്ബുദ്ധി ഒരിക്കലും തോന്നരുതേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന’.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button