ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ പദവി രാജി വച്ചതിന് പിന്നാലെ ഇന്‍ബോക്സിലും കമന്‍റ് ബോക്സിലും നിറയുന്ന അസഭ്യ വര്‍ഷം വ്യക്തമാക്കുന്നത് അവരുടെ മനസിലുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു.
സംസ്കാരമില്ലാത്ത വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നും വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്‍റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്. നാണം കെട്ടവര്‍ എന്നും കുറിപ്പില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ വിഷയം സംബന്ധിയായ ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും അനില്‍ പങ്കെടുക്കുകയും ചെയ്തു.
അതേസമയം, കോൺഗ്രസിന്റെ യുവ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തികച്ചും ലജ്ജാകരമാണെന്ന് ബിജെപി അപലപിച്ചു. രാഹുൽ ഗാന്ധിയുടെ ചിന്താഗതിയാണ് ഇത്തരം പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. ആദ്യം പിന്നോക്ക വിഭാഗത്തെ അപമാനിച്ചു, പിന്നീട് മാദ്ധ്യമപ്രവകർത്തകരെയും സവർക്കറെയും നീതിപീഠത്തെയും കുറ്റപ്പെടുത്തി. പിന്നാലെ സ്വപ്രയ്തനം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും സമൂഹത്തിന്റെ ഉന്നതിയിലെത്തിയ സ്ത്രീജനങ്ങളെയും കോൺഗ്രസ് അപമാനിക്കുകയാണ്. സ്മൃതി ഇറാനിയെ അവഹേളിച്ച് പറഞ്ഞത് ശ്രീനിവാസിന്റെ വാക്കുകളല്ല, മറിച്ച് രാഹുൽ ഗാന്ധിയുടെ വാക്കുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments