KeralaLatest NewsNews

‘ഉള്ളി സുരാന്നു മാറ്റി വായിനോക്കി സുരാന്നു വിളിപ്പിക്കല്ലേ’: സുരേന്ദ്രനെ പരിഹസിച്ച് പി പി ദിവ്യ

കാസർഗോഡ്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. ‘സി.പി.എമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ദിവ്യ രംഗത്ത് വന്നിരിക്കുന്നത്. കെ. സുരേന്ദ്രൻ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയിലെ സ്ത്രീകളുടെ തടിയും കൊഴുപ്പും നോക്കി നടന്നോണ്ടാണ് സുരേന്ദ്രന്റെ പാർട്ടി കേരളത്തിൽ മെലിഞ്ഞുണങ്ങിപോയതെന്ന് ദിവ്യ ഫേസ്‌ബുക്കിൽ കുറിച്ചു.

‘കെ. സുരേന്ദ്രൻ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയിലെ സ്ത്രീകളുടെ തടിയും കൊഴുപ്പും നോക്കി നടന്നോണ്ടാണ് സുരേന്ദ്രന്റെ പാർട്ടി കേരളത്തിൽ മെലിഞ്ഞുണങ്ങിപോയത്… ഉള്ളി സുരാന്നു മാറ്റി വായിനോക്കി സുരാന്നു വിളിപ്പിക്കല്ലേ…..’, പി പി ദിവ്യ ഫേസ്‌ബുക്കിൽ കുറിച്ചു.

ഞായറാഴ്ച തൃശൂരിലായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം. ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുരേന്ദ്രന്‍. സി.പി.എമ്മിലെ വനിതാ നേതാക്കള്‍ തടിച്ചുകൊഴുത്ത് പൂതനകളായി എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. ‘സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാനേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’, സുരേന്ദ്രന്‍ പറഞ്ഞു.

ഇതിനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും വി ടി ബൽറാമും രംഗത്ത് വന്നിരുന്നു. പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സി.പി.എമ്മിലെ സ്ത്രീകളെ അപമാനിച്ച ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് സുധാകരൻ പറഞ്ഞു. സുരേന്ദ്രന്റെ ഹീനമായ അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി പോലെ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്യാന്‍ അധിക്ഷേപിക്കപ്പെട്ട വനിതാ സഖാക്കളോ അവരുടെ സഹസഖാക്കളോ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ബൽറാമിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button