Latest NewsNewsIndia

റീൽസിൽ കണ്ടാൽ പണക്കാരി, രാത്രി മോഷണം: ഫോട്ടോ മാധ്യമങ്ങൾക്ക് കൊടുത്താൽ പ്രശസ്തിക്ക് കോട്ടം തട്ടുമെന്ന് യുവതി

ചെന്നൈ: ആഡംബരജീവിതം നയിക്കാനായി പൂട്ടിക്കിടന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. 33 കാരിയായ അനീഷ കുമാരിയാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് യുവതി. ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച മൂന്ന് പവൻ സ്വർണാഭരണങ്ങൾ അറസ്റ്റിലായ അനീഷ് കുമാരിയുടെ ഫ്രിഡ്ജിൽ നിന്ന് പോലീസ് കണ്ടെടുത്തു. തന്റെ ഫോട്ടോ മാധ്യമങ്ങൾക്ക് നൽകരുതെന്ന് യുവതി പോലീസിനോട് അഭ്യർത്ഥിച്ചു.

പെരുങ്ങലത്തൂരിനടുത്ത് ബുദ്ധർ നഗറിലെ വീട്ടുകാർ നാട്ടിൽ പോകുമ്പോൾ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം ശ്രദ്ധയിൽപ്പെട്ട അനീഷ കഴിഞ്ഞയാഴ്ച ഇവരുടെ വീട്ടിൽ കയറി മൂന്ന് പവൻ സ്വർണാഭരണവും പതിനായിരം രൂപയും മോഷ്ടിക്കുകയായിരുന്നു. ചൊവ്വാഴ്ച ബന്ധുവിനെ സന്ദർശിച്ച ശേഷം വീട്ടിലെത്തിയ മാലതി (31) തന്റെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത് കണ്ട് പരിഭ്രാന്തയായി. ഭർത്താവിനും അറിയില്ലെന്ന് പറഞ്ഞതോടെ ഇവർ പീർക്കങ്കരണൈ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

അയൽപക്കത്തെ 30-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ് ദമ്പതികൾ താമസിക്കുന്ന തെരുവിൽ നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടർ പാർക്ക് ചെയ്തതായി കണ്ടെത്തി. അത് അനീഷയുടേതാണെന്ന് മാലതി തിരിച്ചറിഞ്ഞു. ഇതോടെ അനീഷ കുടുങ്ങുകയായിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിനായി വീഡിയോകൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് യുവതി പറയുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു. പണം ചെലവഴിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. തന്റെ ഫോട്ടോ മാധ്യമങ്ങൾക്ക് കൊടുക്കരുതെന്നും, അങ്ങനെ സംഭവിച്ചാൽ അത് തന്റെ പ്രശസ്തിക്ക് കോട്ടം തട്ടുമെന്നും യുവതി പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button