തൊടുപുഴ: ലോഡ്ജ് മുറിയിൽ നിന്നു കഞ്ചാവ് പൊതികളുമായി മൂന്നു നിയമ വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ. ചേർത്തല കുത്തിയതോട് ശ്രീരാഗത്തിൽ ശ്രീരാഗ് രാജു (23), കരുനാഗപ്പള്ളി തേവലക്കര കോയിവിള ഷെജീർ ഷെരീഫ് (23), തൃശൂർ വരന്തരപ്പിള്ളി മുല്ലപ്പള്ളി ജീവൻ രമേശ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വെങ്ങല്ലൂർ മത്സ്യമാർക്കറ്റിനു സമീപത്തെ ലോഡ്ജിൽ നിന്നാണ് സ്വകാര്യ ലോ കോളജിലെ മൂന്നു നിയമവിദ്യാർത്ഥികൾ പിടിയിലായത്. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ ആണ് ഇവരെ പിടികൂടിയത്. കഞ്ചാവ് പൊതികളാക്കി വിദ്യാർത്ഥികൾക്ക് വില്പന നടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Read Also : അതിർത്തിതർക്കം, അയൽവാസിയെ വെട്ടി പരിക്കേൽപിച്ച ശേഷം ഒളിവിൽപോയി : പ്രതി അറസ്റ്റിൽ
ഇവരിൽ നിന്ന് ആറു പൊതികളിലായി 14 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒരു പൊതി കഞ്ചാവിന് 1,500 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. പ്രതികളിൽ ഒരാൾ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകനും ഒരാൾ അഭിഭാഷകയുടെ മകനുമാണ്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബപശ്ചാത്തലത്തിൽ നിന്നുള്ളവരാണ് ഇവരെന്നും ആഢംബരജീവിതം നയിക്കാനാണ് ലഹരിക്കച്ചവടം നടത്തിവന്നതെന്നും പൊലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments