യുവതിയെ ട്രെയിനിൽ വച്ച് മദ്യം നൽകി സൈനികൻ പീഡിപ്പിച്ചെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. സംഭവത്തിൽ ഇതുവരെ ദുരൂഹതകൾ നീങ്ങിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പീഡനം നടന്നുവെന്ന പരാതിയിൽ വിദ്യാർത്ഥിനി ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാജധാനി കംപാർട്ടുമെൻ്റിൽ ഈ സംഭവം നടന്നതായി കണ്ട യാത്രക്കാരില്ലാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. ട്രെയിനിലെ ഇതേ കംപാർട്ടുമെൻ്റിൽ സഞ്ചരിച്ച ചില യാത്രക്കാരെ അന്വേഷണ സംഘം ഫോണിലുടെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരും ഈ സംഭവം കണ്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തോടു പറഞ്ഞത്. അതേസമയം അപ്പർ ബർത്തായതിനാൽ മറ്റു യാത്രക്കാരുടെ ശ്രദ്ധ അവിടേക്ക് എത്താത്തതാണോ എന്ന കാര്യത്തിലും സ്ഥിരീകരണം ആവശ്യമാണെന്ന് റെയിൽവേ പൊലീസ് എറണാകുളം ഡിവെെഎസ്︋പി മനോജ് കബീർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട് ഇങ്ങനെ, പീഡനത്തിന് ഇരയായെന്നു പറയുന്ന യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം റെയിൽവേ പൊലീസ് രേഖപ്പെടുത്തി. മുൻപ് നൽകിയ പരാതിയിൽ പെൺകുട്ടി ഉറച്ചു നിൽക്കുകയാണെന്നും ഡിവെെഎസ്︋പി പറഞ്ഞു. ഉടുപ്പിയിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്. പട്ടാളക്കാരനായ പ്രതീഷ് ട്രെയിനിൽ വച്ച് മദ്യം കഴിച്ച സമയത്ത് പെൺകുട്ടിയോട് വേണോ എന്ന് ചോദിച്ചു. ഈ സമയം യുവതി താൽപര്യത്തോടെ തന്നെ ഒരുമിച്ച് മദ്യം കഴിക്കുകയായിരുന്നു എന്നും പറഞ്ഞു. നേരത്തെ നൽകിയ പരാതിയിൽ ബലമായി മദ്യം നൽകിയെന്നായിരുന്നു. ഈ വാദത്തെ തള്ളിയാണ് പുതിയ മൊഴി എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകഴിഞ്ഞ താൻ അബോധാവസ്ഥയിലായെന്നും പിന്നീടുള്ള കാര്യങ്ങളെകുറിച്ച് അത്ര ഓർമ്മയില്ലെന്നും പെൺകുട്ടി മൊഴി നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പെൺകുട്ടിയെ കൂട്ടാൻ ഉമ്മയും ഭർത്താവും കൂടിയാണ് എത്തിയത്. വീട്ടിലെത്തിയ ശേഷം ഭർത്താവിനോട് തൻ്റെ ശരീര ഭാഗങ്ങളിൽ മറ്റാരോ ബലമായി സ്പർശിച്ചതായി സംശയമുണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് അവർ ഇതുസംബന്ധിച്ച് പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു എന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. യുവതിയുടേയും ഭർത്താവിൻ്റെയും ഉമ്മയുടേയും മൊഴിയാണ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇനി അതേ കംപാർട്ടുമെൻ്റിൽ സഞ്ചരിച്ച യാത്രക്കാരെ വിളിച്ചു വരുത്തി മൊഴിയെടുക്കണമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. കംപാർട്ട്മെൻ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി നേരിട്ടു രേഖപ്പെടുത്തുകയും ശാസ്ത്രീയമായ പരിശോധനയിലൂടെയും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് ഉദ്ദേശിക്കുന്നതും.
പത്തനംതിട്ട ജില്ലയിലെ കടപ്ര സ്വദേശി പ്രതീഷ് കുമാറിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജധാനി എക്സ്പ്രസിൽ എറണാളുത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വച്ചാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. പ്രതി ജമ്മുകാശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. കർണ്ണാടകയിലെ മണിപ്പാൽ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി. വിദ്യാർത്ഥിനി ഉടുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്.
വ്യാഴാഴ്ച വെെകുന്നേരത്തോടെ പ്രതി ട്രെയിനിലെ അപ്പർ ബർത്തിൽ കയറി ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും മദ്യപിച്ചു. തനിക്ക് നിർബന്ധിച്ച് പ്രതീഷ് മദ്യം നൽകിയെന്നാണ് ആദ്യം പെൺകുട്ടി പരാതിയിൽ പറഞ്ഞത്. തുടർന്ന്, മദ്യം കഴിച്ച് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇയാൾ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ ഈ മൊഴിയാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. താൻ വിഷാദരോഗിയാണെന്ന് അറിഞ്ഞപ്പോൾ പ്രതീഷ് ആശ്വസിപ്പിച്ചുവെന്നും യുവതി പറയുന്നു. സംഭവം നടന്നത് എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലായതിനാൽ പരാതി ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments