ട്വിറ്റർ അക്കൗണ്ടിന് അധിക സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന ടു ഫാക്ടർ ഓതെന്റികേഷന് ഇനി മുതൽ ഉപഭോക്താക്കളിൽ നിന്നും പണം ഈടാക്കും. ഇതുമായി ബന്ധപ്പെട്ട സൂചനകൾ മാസങ്ങൾക്ക് മുൻപ് തന്നെ ട്വിറ്റർ നൽകിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിലെ സബ്സ്ക്രിപ്ഷൻ സേവനമായ ട്വിറ്റർ ബ്ലൂ വരിക്കാർക്ക് മാത്രമാണ് ഇനി മുതൽ അധിക സുരക്ഷ ഒരുക്കുന്ന ടു ഫാക്ടർ ഓതെന്റികേഷൻ ലഭിക്കുകയുള്ളൂ. പുതിയ മാറ്റം മാർച്ച് 20 മുതലാണ് പ്രാബല്യത്തിലായത്.
യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് മറ്റുള്ളവർ അക്കൗണ്ടുകൾ കയ്യടക്കുന്നത് തടയുന്നതിനാണ് അധിക സുരക്ഷയായ ടു ഫാക്ടർ ഓതെന്റികേഷൻ ഉറപ്പുവരുത്തുന്നത്. ഉപഭോക്താവ് പുതിയ ഉപകരണത്തിൽ ട്വിറ്റർ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഉപഭോക്താവിന്റെ ഫോണിൽ ഒരു വെരിഫിക്കേഷൻ കോഡ് എസ്എംഎസ് ആയി ലഭിക്കുന്നതാണ്. ഈ വെരിഫിക്കേഷൻ കോഡ് നൽകിയാൽ മാത്രമാണ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ സാധിക്കുകയുള്ളൂ. അതേസമയം, സെക്യൂരിറ്റി കീ, ഒതന്റിക്കേറ്റർ ആപ്പ് പോലുള്ള സൗകര്യങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും ഉപയോഗിക്കാൻ സാധിക്കുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്.
Post Your Comments