തിരുവനന്തപുരം: 6 മുതൽ 11 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി കെഎസ്ഇബി. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെഎസ്ഇബിയുടെ ജലസംഭരണികളിൽ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വർദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിന് പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
രാജ്യവ്യാപകമായി നിലവിലുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവിൽ വളരെ കൂടുതലാണ്. വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താൽ പ്രതിസന്ധി രൂക്ഷമാകും. എന്നാൽ മാന്യ ഉപഭോക്താക്കൾ അൽപ്പമൊന്ന് മനസ്സുവച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുന്നതേയുള്ളുവെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടി.
ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നത് വഴി ഈ പ്രതിസന്ധി നേരിടാൻ കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നതാണ് നല്ലതെന്നും കെഎസ്ഇബി അറിയിച്ചു.
Read Also: എയർ ഇന്ത്യയിലും ചാറ്റ്ജിപിടി സേവനം ആസ്വദിക്കാൻ അവസരം, പുതിയ പ്രഖ്യാപനവുമായി കമ്പനി
Post Your Comments