ബെംഗളൂരു: പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നിട്ടും അവനത് നേടി. മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ ചെയ്ത വിവരമാണ് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി സന്തോഷത്തോടെ പങ്കുവെച്ചിരിക്കുന്നത്. നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകന്‍ ന്യായാന്യായങ്ങളെ വേര്‍തിരിക്കുവാനുള്ള കറുത്ത ഗൗണ്‍ ഇന്ന് അണിഞ്ഞുവെന്ന് മദനി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘സ്തുതികള്‍ അഖിലവും ജഗന്നിയന്താവിന്…
എന്റെ പ്രിയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ഇന്ന് കുറച്ച് മുന്‍പ് 10.26 മണിക്ക് അഡ്വക്കേറ്റായി എന്റോള്‍ ചെയ്തു. എറണാകുളം കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.എന്‍.അനില്‍ കുമാര്‍ (ചെയര്‍മാന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് കേരളാ) മനോജ്കുമാര്‍.എന്‍ (ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം), ഗോപാലകൃഷ്ണ കുറുപ്പ് (അഡ്വക്കേറ്റ് ജനറല്‍), കെ.പി ജയചന്ദ്രന്‍ (അഡീ. അഡ്വക്കേറ്റ് ജനറല്‍), നസീര്‍ കെ.കെ, എസ്.കെ പ്രമോദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് ആണ് എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്’.
‘അങ്ങനെ, നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകന്‍ ന്യായാന്യായങ്ങളെ വേര്‍തിരിക്കുവാനുള്ള കറുത്ത ഗൗണ്‍ ഇന്ന് അണിഞ്ഞു. അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് കള്ളക്കേസില്‍ കുടുക്കി എന്നെ കോയമ്പത്തൂര്‍ ജയിലില്‍ അടയ്ക്കുന്നത്. പിന്നീട് അവന്റെ ലോകം പ്രധാനമായി കോയമ്പത്തൂര്‍ സേലം ജയിലുകളിലെ സന്ദര്‍ശക മുറികളും അവിടുത്തെ വ്യത്യസ്ത സ്വഭാവക്കാരായ ജയില്‍ ഉദ്യോഗസ്ഥരുമൊക്കെയായിരുന്നു’.
‘പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നു അവന്റേത്. ഒരിക്കല്‍ ഭാര്യ സൂഫിയായെ ഉപദ്രവിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കുഞ്ഞുകൈകള്‍ കൊണ്ട് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജയില്‍ മുറ്റത്ത് വലിച്ചച്ചെറിയപ്പെട്ടു. ചോരയൊഴുകുന്ന അന്നത്തെ അവന്റെ മുഖം ഇപ്പോഴും മറക്കാനാവാത്ത എന്റെ ഓര്‍മ്മയാണ്’.
‘ഇന്ന്,നല്ല മാര്‍ക്കോടെ എല്‍.എല്‍.ബി പാസ്സ് ആയതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോള്‍ അവിടെ എത്തിപ്പെടാന്‍ ഒട്ടനവധി വിഷമങ്ങള്‍ അവന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില്‍ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിച്ചു. എറണാകുളം തേവള്ളി വിദ്യോദയ സ്‌കൂളിലെ എല്‍കെജി പഠനവും നിലമ്പൂര്‍ പിവീസിലെ യുകെജി,1 പഠനവും പിന്നീട് ഒന്‍പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പിവീസില്‍ കിട്ടിയ ക്ലാസ്സുകളും മാത്രമാണ് എല്‍.എല്‍.ബിക്ക് മുന്‍പ് അവന് സുരക്ഷിതമായി ലഭ്യമായിട്ടുള്ള ക്ലാസ്സുകള്‍. പിന്നീടൊക്കെ ദിവസേന എന്നവണ്ണമുള്ള എന്റെ ആശുപത്രി വാസത്തിനും സംഘര്‍ഷഭരിതമായ ദിനരാത്രങ്ങള്‍ക്കുമിടയില്‍ വളരെ കഷ്ടപ്പെട്ട് അവന്‍ നേടിയെടുത്ത നേട്ടങ്ങളാണ്’.
‘വല്ലാത്ത വാത്സല്യം നല്‍കി അവനെ പഠനരംഗത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അവന്റെ പ്രിയപ്പെട്ട അധ്യാപകര്‍… തളര്‍ന്ന് വീണുപോകാതെ താങ്ങി നിര്‍ത്തിയ ഒട്ടധികം സുമനസ്സുകള്‍.. എല്ലാവര്‍ക്കും എല്ലാവര്‍ക്കും കാരുണ്യവാന്‍ അനുഗ്രഹം ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ നിസ്സഹായര്‍ക്കും കൈത്താങ്ങായി മാറാന്‍ അയ്യൂബിയുടെ നിയമ ബിരുദം അവന് കരുത്തേകട്ടെ… ജഗന്നിയന്താവിന്റെ ഭാഗത്ത് നിന്നുള്ള അനുഗ്രഹം അവന് എപ്പോഴും ലഭ്യമാകുവാന്‍ എന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.
Post Your Comments