കൊല്ലം: കൈക്കൂലി വാങ്ങിയ ഫസ്റ്റ് ഗ്രേഡ് താലൂക്ക് സർവെയർ വിജിലൻസ് പിടിയിൽ. വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതിലേക്കായി 2,000/ രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പുനലൂർ താലൂക്ക് സർവ്വേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവ്വേയർ മനോജ് ലാൽ ഇന്ന് (17.03.2023) വിജിലൻസ് പിടിയിലായി.
കൊല്ലം ജില്ലയിലെ കരുവാളൂർ സ്വദേശിയായ പരാതിക്കാരന്റെ ഗൾഫിലുള്ള അനിയൻ നാല് വർഷങ്ങൾക്ക് മുമ്പ് ചണ്ണപ്പേട്ടയിൽ വാങ്ങിയ 36 സെന്റ് ഭൂമി കരമടച്ച് വരവെ ഇക്കഴിഞ്ഞ് റീ സർവെയിൽ മറ്റൊരാളിന്റെ പേരിൽ ആകുകയും, ഇക്കൊല്ലം കരമടയ്ക്കുന്നതിലേക്കായി വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ കരമടയ്ക്കാൻ സാധിക്കില്ല എന്നും, റീസർവേയിൽ ഈ വസ്തു മറ്റൊരാളുടെ പേരിലാണെന്നും ആയത് ശരിയാക്കുന്നതിലേക്കായി പുതിയ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് പുതിയ അപേക്ഷ നൽകുകയും, വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതിലേക്കായി പുനലൂർ താലൂക്ക് ഓഫീസിൽ അയക്കുകയും ചെയ്തു.
പുനലൂർ താലൂക്ക് സർവ്വേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവ്വേയർ ആയ മനോജ്ലാലിന്റെ കൈവശം എത്തിയ പ്രസ്തുത അപേക്ഷ കൈയിൽ കിട്ടിയപ്പോൾ ഫോൺ നമ്പറിൽ പരാതിക്കാരനെ ബന്ധപ്പെട്ട് രാവിലെ 10 മണിയോടെ ചണ്ണപ്പെട്ടയിലുള്ള വസ്തുവിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. അത് പ്രകാരം മനോജ് ലാലും കൂടെ ഉണ്ടായിരുന്ന സ്വകാര്യ അളവുകാരന്റെയും സഹായത്താൽ വസ്തു അളക്കുകയും, കൂടെ ഉണ്ടായിരുന്ന സ്വകാര്യ അളവുകാരന് കൂലിയായി 1,000 രൂപ കൊടുക്കാൻ ആവശ്യപ്പെടുകയും പരാതിക്കാരൻ ഉടൻ തന്നെ 1,000 രൂപ സ്വകാര്യ വ്യക്തിക്ക് കൈമാറുകയും ചെയ്തു. അതിനുശേഷം മനോജ് ലാൽ കൈക്കൂലിയായി 5,000 രൂപ ചോദിക്കുകയും, അന്നേരം കൊടുക്കാൻ ഇല്ല എന്ന് അറിയിച്ചപ്പോൾ മനോജ് ലാലിന്റെ ഫോൺ നമ്പർ കൊടുത്തശേഷം വൈകിട്ട് ഫോണിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു.
പരാതിക്കാരൻ ഇക്കാര്യം കൊല്ലം വിജിലൻസ് യൂണിറ്റിലെ ഡി.വൈ.എസ്.പി അബ്ദുൽ വഹാബിനെ അറിയിച്ചു. വിജിലൻസ് നടത്തിയ നീക്കത്തിനൊടുവിലാണ് സർവ്വേയറെ അറസ്റ്റ് ചെയ്തത്.
Post Your Comments