
പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പാല സ്വദേശി അഭിനന്ദാണ് അറസ്റ്റിലായത്. പത്തനംതിട്ട ആറന്മുള പൊലീസാണ് പ്രതിയെ കസ്റ്റയിലെടുത്തത്.
ഒന്നര വർഷം മുമ്പാണ് അഭിനന്ദ് ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പല തവണ ഇയാൾ മലപ്പുറത്ത് നിന്ന് പത്തനംതിട്ടയിലെത്തി പെൺകുട്ടിയെ കണ്ടു. രണ്ട് തവണ പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെത്തുകയും കുട്ടിയെ ഇവിടെ നിന്ന് സ്കൂട്ടറിൽ കയറ്റി ആലപ്പുഴ ബീച്ചിലെത്തിക്കുകയും ചെയ്തു. ബീച്ചിൽ വച്ചാണ് ലൈംഗിക അതിക്രമം നടത്തിയത്.
കഴിഞ്ഞ ജൂണിൽ മൊബൈൽ ഫോൺ കൊടുക്കാനെന്ന പേരിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെ വച്ചും ലൈംഗികമായി പീഡിപ്പിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പരിശോധനയിൽ കുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞു. തുടർന്നാണ് പ്രതിക്കായുള്ള അന്വേഷണം തുടങ്ങിയത്.
മലപ്പുറത്ത് നിന്നും ആണ് അഭിനന്ദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആറന്മുള എസ്എച്ച്ഒ സികെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Post Your Comments