നെടുങ്കണ്ടം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ ഉണക്കമരം കടപുഴകിവീണ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെടുങ്കണ്ടം മൈനര്‍സിറ്റി കുറ്റിക്കിഴക്കേതില് ജോസിനാണ്(51) പരിക്കേറ്റത്.
കൈലാസപ്പാറ പള്ളിക്കു സമീപം മാപ്പിളശേരി എസ്റ്റേറ്റിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം നടന്നത്. എസ്റ്റേറ്റില്‍ കുരുമുളക് എടുക്കുന്നതിനായി നെടുങ്കണ്ടത്തുനിന്ന് ഓട്ടം വന്നതായിരുന്നു ജോസ്. എസ്റ്റേറ്റിനുള്ളില്‍ കാത്തുകിടക്കുന്നതിനിടെ ഉണങ്ങി നിന്നിരുന്ന കരണ മരം കടപുഴകി വീഴുകയായിരുന്നു.
Read Also : ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ആപ്പിളിൽ പുതിയ നീക്കം, ജീവനക്കാരുടെ ബോണസ് ആനുകൂല്യങ്ങൾ കുത്തനെ കുറച്ചു
ഓട്ടോയുടെ മുന്‍സീറ്റിനു മുകളിലേക്കാണ് മരം വീണത്. ഇതേത്തുടര്‍ന്ന് ഓട്ടോയുടെ മുകളിലെ കമ്പി വളഞ്ഞ് ജോസിന്റെ പുറത്തും തലയിലുമായി കുരുങ്ങി. കുറച്ച് സമയത്തിനു ശേഷം അതുവഴിവന്ന എസ്റ്റേറ്റ് തൊഴിലാളികളാണ് അപകടത്തില്‍ പെട്ട ജോസിനെ കണ്ടത്. കമ്പിക്കുള്ളിൽ കുരുങ്ങിക്കിടന്നിരുന്ന ജോസിനെ പാറത്തോട്ടില്‍ നിന്നു കൂടുതല്‍പേർ എത്തി മരം മുറിച്ചാണ് പുറത്തെടുത്തത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ജോസിനെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന്, തലയ്ക്കും കഴുത്തിനുമേറ്റ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി.
Post Your Comments