വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ സംഘത്തിലെ മുഖ്യ പ്രതി ഉൾപ്പെടെ നാല് പ്രതികൾ കൂടി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതമസമയം പ്രതികളുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മുഖ്യപ്രതിയും കളരിയാശാനുമായ അജീഷും കസ്റ്റഡിയിലെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്. വാളയാറിൽ നേരത്തെ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്.
അതേസമയം കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് മറ്റുള്ളവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ എടത്വ കേസിൽ ഉള്‍പ്പെട്ടവരാണെന്ന് വിവരം ലഭിക്കുകയായിരുന്നു. പ്രതികളെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ആയോധന വിദ്യകൾ കാട്ടി കളരിയാശാനായ അജീഷ് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയെന്നും എന്നാൽ പൊലീസ് അതിനെ ചെറുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു എന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ.
കള്ളനോട്ടുകേസില്‍ എടത്വാ കൃഷി ഓഫീസര്‍ ഗുരുപുരം ജി.എം. മന്‍സിലില്‍ എം ജിഷമോള്‍ കഴിഞ്ഞദിവസം അറസ്റ്റിലായയിരുന്നു. ഇപ്പോള്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലുള്ള ഇവരില്‍നിന്നു കിട്ടിയ വിവരം പോലീസ് എന്‍ഐഎക്കു കൈമാറുകയായിരുന്നു. അറസ്റ്റിലായതിനു പിന്നാലെ പ്രതിയെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസിൻ്റെ വിവരങ്ങളറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെത്തിയതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമാർജ്ജിച്ചിരിക്കുകയാണ്.
പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് എൻഐ എ രംഗത്തെത്തുന്നത്. സാധാരണ കളര്‍ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണു കള്ളനോട്ടായി വരുന്നത്. എന്നാല്‍, ഈ കേസില്‍ അച്ചടിച്ച നോട്ടുകളാണ്. ജിഷമോള്‍ക്കു നോട്ടുനല്‍കിയതെന്നുള്ളതാണ് അന്വേഷണ വഴിത്തിരിവിന് കാരണം. ജിഷയിൽ നിന്ന് പിടിച്ചെടുത്തത് സാധാ കള്ളനോട്ടാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ നോട്ടുകള്‍ വിദഗ്ധസംഘം പരിശോധിച്ചശേഷമാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
500-ൻ്റെ ഏഴുനോട്ടാണ് സ്വകാര്യ ബാങ്കിൻ്റെ ആലപ്പുഴ കോണ്‍വെൻ്റ് സ്‌ക്വയര്‍ ശാഖയില്‍ കിട്ടിയത്. ഈ.നോട്ടുകൾ അച്ചടിച്ചതാണെന്നു വ്യക്തമായതോടെയാണ് അന്വേഷണത്തിൽ പുതിയ നീക്കങ്ങളുണ്ടായത്. ജിഷമോൾക്ക് നോട്ടുകൾ നൽകയത് സുഹൃത്തായ കളരിയാശാനാണെന്നു വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്ക് അന്താരാഷ്ട്ര കള്ളനോട്ടു സംഘവുമായി ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നു. കളരിയാശാന്‍ ജിഷമോള്‍ക്ക് ഒരു ലക്ഷംരൂപ നല്‍കാനുണ്ടെന്ന സൂചനകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
ഇതിനിടെ കള്ളനോട്ട് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. വിദേശത്ത് അച്ചടിച്ച കള്ളനോട്ടുകള്‍ വിപണിയിലിറക്കാന്‍ ആലപ്പുഴയില്‍ അന്‍പതോളം പേരുണ്ടെന്നാണു സൂചന. ഇവർക്കാര്‍ക്കും പരസ്പരമറിയില്ല. ഇവരുടെ കെെയിൽ ഇടനിലക്കാർ നോട്ടുകളെത്തിക്കും. ഇതിലൊരാളാണു ജിഷമോളുടെ സുഹൃത്തും യുവാവുമായ കളരിയാശാന്‍.
സിസി ടിവി ക്യാമറകളുള്ള കടകളിലും മറ്റും നോട്ടുകൾ നൽകരുത്, വഴിയരികിലെ മീൻ, പച്ചക്കറി, പഴം, ലോട്ടറി വില്‍പ്പനക്കാര്‍ക്കു നല്‍കി മാറിയെടുക്കണം എന്നിങ്ങനെ കള്ളനോട്ടു മാറാന്‍ വ്യക്തമായ രൂപരേഖ ഈ സംഘം നല്‍കിയിട്ടുണ്ട്. ബാങ്കിടപാടു പതിവില്ലാത്തവരാണ് ഇത്തരക്കാർ. ഇവർക്ക് കള്ളനോട്ടുകള്‍ നൽകിയാൽ കെെമറിഞ്ഞു പോകുമെന്നാണ് സംഘം കരുതുന്നത്.
Post Your Comments