ആലപ്പുഴ: ആലപ്പുഴയിൽ കൃഷി ഓഫിസർ എം ജിഷമോൾ അറസ്റ്റിലായ കള്ളനോട്ട് കേസിൽ തീവ്രവാദബന്ധമുള്ളതായി സംശയം. കേസ് കേരള പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കാൻ സാധ്യത. ജിഷമോളുടെ കൈവശം ഉണ്ടായിരുന്നത് ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള കള്ളനോട്ടുകൾ ആയിരുന്നു. ഇത് പാകിസ്ഥാനിൽ നിന്നും അച്ചടിച്ച കള്ളനോട്ടുകൾ ആണോയെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. കള്ളനോട്ടുകൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷമാകും ബാക്കി കാര്യങ്ങൾ.
കഴിഞ്ഞമാസം മുതൽ പോലീസ് കള്ളനോട്ടിന്റെ പുറകെയാണ്. ആലപ്പുഴയിലെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധി കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ജിഷയ്ക്ക് കള്ളനോട്ടുകൾ നൽകിയത് ഇവരുടെ കളരി ആശാനാണ്. ഇയാളെ കുറിച്ച് യാതൊരു വിവരവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാളുടെ ഏഴ് ഫോൺ നമ്പറുകളും ഓഫാണ്. ഇയാൾക്ക് അന്താരാഷ്‌ട്ര കള്ളനോട്ട് സംഘവുമായി ഇടപാടുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. വിദേശത്ത് അച്ചടിച്ച കള്ളനോട്ടുകൾ വിപണിയിൽ ഇറക്കാൻ ആലപ്പുഴയിൽ മാത്രമായി അൻപതോളം ആളുകളെ തയ്യാറാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്.
അതേസമയം, കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ ജിഷമോളെ സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സസ്‌പെൻഷൻ. ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കൃഷി ഓഫീസർ ആണെങ്കിലും വല്ലപ്പോഴും മാത്രമാണ് ഇവർ ഓഫീസിൽ വരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഇവർ ടൂറിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജിഷയ്ക്ക് പിന്നിൽ വൻ സംഘമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഫാഷൻ ഷോയും മോഡലിംഗുമാണ് ജിഷയുടെ പ്രിയ വിനോദം. ഇതുവഴി നല്ലൊരു വരുമാനവും ഇവർക്ക് ലഭിക്കുന്നുണ്ട്. ജിഷയുടെ ജീവിതം തന്നെ ദുരൂഹതകൾ നിറഞ്ഞതാണ്.
Post Your Comments