കണ്ണൂർ: ഇസ്രയേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്ന് കാണാതായ കർഷകൻ ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് വ്യക്തമാക്കി പായം കൃഷി ഓഫീസർ കെ ജെ രേഖ. ഒരേക്കർ ഭൂമിയിൽ ബിജുവിന് കൃഷിയുണ്ടെന്നും ഇവർ വ്യക്തമാക്കി. ബിജു 20 വർഷത്തോളമായി കൃഷിക്കാരനാണ്. ഓൺലൈനായാണ് അപേക്ഷ ലഭിച്ചതെന്നും ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കൃഷി ഓഫീസർ അറിയിച്ചു. ബിജുവിന്റെ കൃഷി ഭൂമി നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു.
കൃഷി വകുപ്പ് നിർദ്ദേശിച്ചതനുസരിച്ച് അന്വേഷിച്ച് റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും രേഖ വിശദമാക്കി. അതേസമയം, കർഷകൻ മുങ്ങിയതിന് പിന്നിൽ ചില സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജു കുര്യൻ മുങ്ങിയത് ബോധപൂർവമാണെന്നും വഞ്ചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സർക്കാരിന് ലാഘവത്തോടെ കാണാനാവില്ല. ഈ രീതി അനുവദിക്കാനാവില്ല. മുങ്ങിയതിനു പിന്നിൽ മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ടെന്ന വിവരം ഇപ്പോൾ കിട്ടുന്നുണ്ട്. ഇക്കാര്യം സർക്കാർ ഗൗരവമായി അന്വേഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മാസം 17നാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിൽ 27 കർഷകർ ഇസ്രയേലിലേക്ക് പോയത്. ഈ മാസം 20ന് വെളുപ്പിന് അവരിൽ ബിജു കുര്യൻ ഒഴികെയുള്ളവർ മടങ്ങിവരികയും ചെയ്തു. മടക്കയാത്രയുടെ തലേന്നാണ് ബിജു കുര്യനെ കാണാതാകുന്നത്.
Read Also: ആരോഗ്യ സേവന മേഖലയിൽ നിക്ഷേപത്തിനൊരുങ്ങി ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments