KeralaLatest News

‘കൊടയല്ല വടി’: അസുഖബാധിതനായ ജഗതിയെ പോലും ചിരിപ്പിച്ച അന്ന വിടവാങ്ങി

കോട്ടയം: ‘കൊടയല്ല വടി’- വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം കേൾവിക്കുറവുള്ള ഭർത്താവിനോട് പലയാവർത്തി പറഞ്ഞിട്ടും കേൾക്കാതെ വരുമ്പോൾ തൊണ്ണൂറുകാരി കുപിതയായ വീഡിയോ കണ്ടു ചിരിക്കാത്ത മലയാളികളില്ല. യൂട്യുബിൽ വൈറലായ ഈ രംഗം കണ്ട് സാക്ഷാൽ ജഗതി ശ്രീകുമാർ പോലും ചിരിച്ചു. ജഗതി ചിരിക്കുന്ന വീഡിയോ കണ്ട് അന്നച്ചേട്ടത്തിയും ചിരിച്ചുപോയി. രണ്ട് കൊല്ലം മുമ്പാണ് ഉഴവൂർ ചക്കാലപടവിൽ അന്ന ചക്കാലപടവും ഭർത്താവ് തോമസുമായുള്ള സംഭാഷണം യൂട്യുബിൽ എത്തിയത്.

അന്ന് മുതൽ ഈ രംഗം പലയാവർത്തി കണ്ടവർ വെള്ളിയാഴ്ച വലിയ സങ്കടത്തോടെയാണ് അന്നയുടെ വേര്‍പാട് വാര്‍ത്ത അറിഞ്ഞത്. ആ യൂട്യൂബ് രംഗത്തിലെ സംഭാഷണം ഇങ്ങനെ ‘തൈയുടെ ചോട്ടിലേ വളം മേടിച്ചിടണം …വളം’’ എന്ന് അന്ന. ഭാര്യ എന്തോ പറയുന്നുണ്ടെന്ന് മനസിലാക്കിയ തോമസ് ശ്രദ്ധാപൂർവം ശ്രദ്ധിക്കുന്നുണ്ടെങ്കിലും കേൾക്കാൻ കഴിയുന്നില്ല. അന്ന പലയാവർത്തി പറയുമ്പോൾ തോമസ് വളരെ ശാന്തനായി അവസാനം ചോദിക്കുന്നു ‘കൊടയോ’?. അത് കേട്ടതും സ്വാഭാവികമായുണ്ടായ ദേഷ്യത്തിന് പുറത്ത് അന്ന പ്രതികരിച്ചതാണ് ‘കൊടയല്ല വടി’. ആ മാസ് മറുപടി ആയിരുന്നു വൈറലായത്.

അത്രയും സ്വഭാവികമായിട്ടാണ് ആ അമ്മയുടെ പ്രതികരണമെന്ന് അയൽവാസിയായ സൈമൺ പരപ്പനാട് പറയുന്നു. പലവട്ടം താനടക്കം പലരും ഈ രംഗം അന്നച്ചേട്ടത്തിയേയും അപ്പാപ്പനേയും കാണിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അന്നച്ചേടത്തി പറയും ‘‘മകളുടെ മകൾ പറ്റിച്ച പണി’’യായിരുന്നെന്ന്. ഇത് കണ്ടു തോമസും പിന്നീട് ചിരിച്ചു. കർഷകനായ തോമസും അന്നയും എന്നും കൃഷിക്ക് നൽകിയ പ്രാധാന്യമാണ് വീഡിയോയിലും കാണാനായത്.കഴിഞ്ഞ ദിവസം വരെ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നെ ചെറിയ ചുമയും ശ്വാസംമുട്ടലുമാണ് അന്നയുടെ ആരോഗ്യം വഷളാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button