കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം ഒൻപതാം ദിവസവും തുടരുകയാണ്. വിഷപ്പുക ഇല്ലാതാക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. വിഷയത്തിൽ രാഷ്ട്രീയ-സാംസ്കാരിക-സിനിമ മേഖലയിലുള്ളവർ പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു. സജിത മഠത്തിൽ, ജോയ് മാത്യു, വിജയ് ബാബു, വിനയൻ തുടങ്ങിയവർ വിഷപ്പുക കൊച്ചിയെ നരകമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കൊച്ചിയിൽ സ്ഥിരതാമസക്കാരായിട്ടും മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ ഒന്നും പ്രതികരിക്കാത്തത് ചോദ്യം ചെയ്യപ്പെടുകയാണ്.
ബ്രഹ്‍മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള വിഷപ്പുകയില്‍ കൊച്ചി നിവാസികൾ വീര്‍പ്പുമുട്ടുമ്പോള്‍ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ പ്രതികരിക്കാനും പ്രതിഷേധമറിയിക്കാനും കാലതാമസം എടുക്കുന്നത് എന്തുകൊണ്ടെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍. കൊച്ചിയിൽ താമസിക്കുന്ന സ്റ്റാറുകളായ മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും പ്രതികരിക്കാൻ മുന്നോട്ട് വരണം. ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ ഗർജിക്കുന്ന കഥാപാത്രങ്ങളിൽ മാത്രം മതിയോ നിങ്ങളുടെ ഗർജ്ജനമെന്നും അദ്ദേഹം ചോദിച്ചു.
ഷിബു ജി സുശീലന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
“കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാൻ കൊച്ചിയിൽ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. നമ്മൾ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്? അതോ നിങ്ങളുടെ വീടുകളിൽ വേറെ വായു ഉല്‍പാദിപ്പിക്കുന്നുണ്ടോ? ജീവിക്കാൻ വേണ്ട ജീവവായു നിഷേധിക്കുന്ന അധികാരികൾക്കെതിരെ സംസാരിക്കാൻ പോലും എന്താണ് കാലതാമസം. ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിനോടാണ് നിങ്ങൾ പ്രതികരിക്കുക? ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ ഗർജിക്കുന്ന കഥാപാത്രങ്ങളിൽ മാത്രം മതിയോ നിങ്ങളുടെ ഗർജ്ജനം. രാഷ്ട്രീയം നോക്കാതെ അധികാരികള്‍ക്കെതിരെ പ്രതികരിക്കുക. ജനങ്ങൾക്ക് വേണ്ടി, നിങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടി പ്രതികരിക്കുക. ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രതികരിക്കുക. ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കിൽ എന്നോട് ക്ഷമിക്കുക…”
Post Your Comments