ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിരവധി ചതിക്കുഴികളും ഒളിഞ്ഞിരിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയ മുഖാന്തരം പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബർ വിദഗ്ധർ. വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ സോഷ്യൽ മീഡിയകളിൽ ലിങ്കുകൾ പ്രചരിച്ചതോടെയാണ് മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ രംഗത്തെത്തിയത്. വനിതാ ദിന ക്വിസ് എന്ന പേരിലാണ് വ്യാജ ലിങ്കുകൾ പ്രചരിച്ചത്. ക്വിസിൽ വിജയികളാകുന്നവർക്ക് വമ്പൻ സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ പണി കിട്ടും എന്നതാണ് യാഥാർത്ഥ്യം.
ഷോപ്പിംഗ് പോർട്ടലിന് സമാനമായ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയ ശേഷം, ആദ്യം ലിങ്ക് സന്ദർശിക്കുന്ന 5000 സ്ത്രീകൾക്ക് സർപ്രൈസ് സമ്മാനം എന്ന ടൈറ്റിലോടെയാണ് വ്യാജ സന്ദേശം എത്തുന്നത്. കൂടാതെ, ഈ ലിങ്ക് അഞ്ചു വാട്സ്ആപ്പ് കോൺടാക്ടുകൾക്ക് അയക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ വരെയാണ് സമ്മാനമായി വാഗ്ദാനം ചെയ്യുന്നത്. വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ സ്വകാര്യ വിവരങ്ങളും, മൊബൈൽ ഡാറ്റയും തട്ടിപ്പ് സംഘം കൈക്കലാക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടാനുളള സാധ്യതയും വളരെ കൂടുതലാണ്. അപരിചിതമായ ലിങ്കുകളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം.
Post Your Comments