Latest NewsKeralaNews

ഞങ്ങള്‍ സഖാക്കള്‍ ഭയപ്പെടുന്ന കൂട്ടരല്ല, പൊതുയോഗത്തില്‍ സ്റ്റേജില്‍ സംസാരിക്കുമ്പോഴാണോ രഹസ്യം പറയുക: എം.വി ഗോവിന്ദന്‍

കൊച്ചി : മൈക്ക് ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഞങ്ങളങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലൊന്നുമല്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.

Read Also; ആമസോണ്‍ കാടുകളിലെ തീയണയ്ക്കാത്തതിന് ബ്രസീല്‍ എംബസിക്ക് മുമ്പില്‍ പ്രതിഷേധിച്ച ആളുകളെ ബ്രഹ്മപുരത്ത് കാണാനില്ല

‘പൊതുയോഗത്തില്‍ സ്റ്റേജില്‍ സംസാരിക്കുമ്പോഴാണോ രഹസ്യം പറയുക, രഹസ്യം പറഞ്ഞാലാണ് അപകടം. ഇത് ജനങ്ങളെല്ലാം കേട്ടതു കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. അയാള്‍ക്കതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ല. നിങ്ങളെല്ലാം ചേര്‍ന്ന് ജാഥയ്‌ക്കെതിരായി വാര്‍ത്ത വരണമല്ലോ. മൈക്ക് സെറ്റുകാരനെയെങ്കിലും പിടിച്ചേക്കാം എന്ന് വിചാരിച്ച് ഉത്പാദിപ്പിച്ച വാര്‍ത്തയാണ്’, അദ്ദേഹം ആരോപിച്ചു.

തൃശൂര്‍ മാളയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ എം.വി. ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശാസിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് എന്‍ജിനീയറിംഗ് പ്രൊപ്രൈറ്റേഴ്സ് ഗില്‍ഡ് രംഗത്തെത്തിയിരുന്നു. മൈക്കിനോട് ചേര്‍ന്ന് നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എം.വി. ഗോവിന്ദന്‍ യുവാവിനെ പരസ്യമായി ശാസിച്ചത്. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി എന്നു ചോദിച്ച ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ നിന്ന് ഇറക്കിവിട്ടിരുന്നു, സംഭവം വിവാദമായതിന് പിന്നാലെ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ക്ലാസെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button