ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ ജിഷമോളുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞത്. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കൃഷി ഓഫീസർ ആണെങ്കിലും വല്ലപ്പോഴും മാത്രമാണ് ഇവർ ഓഫീസിൽ വരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഇവർ ടൂറിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അറസ്റ്റിലായിട്ട് മണിക്കൂറുകൾ ആയെങ്കിലും ഇതുവരെ കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായിട്ടില്ല. ജിഷയ്ക്ക് പിന്നിൽ വൻ സംഘമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഫാഷൻ ഷോയും മോഡലിംഗുമാണ് ജിഷയുടെ പ്രിയ വിനോദം. ഇതുവഴി നല്ലൊരു വരുമാനവും ഇവർക്ക് ലഭിക്കുന്നുണ്ട്. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. യുവതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണം ഉണ്ട്. ജിഷയുടെ ജീവിതം ദുരൂഹമാണ്. ഭർത്താവിനെ കുറിച്ച് പോലീസിനോടും ഓഫീസിലുള്ളവരോടും ഇവർ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഇത് പോലീസിൽ സംശയം ജനിപ്പിക്കുന്നു.
Post Your Comments