ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനസ് ഇന്ന് ഇന്ത്യയിലെത്തും. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്. ഓസ്ട്രേലിയയുടെ വാണിജ്യ ടൂറിസം മന്ത്രി ഡോൺ ഫാരെൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ്സ് പ്രതിനിധികൾ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണിതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം സബർമതി ആശ്രമം സന്ദർശിക്കും. വൈകിട്ട് രാജ് ഭവനിൽ നടക്കുന്ന ഹോളി ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. വ്യാഴാഴ്ച്ച അദ്ദേഹം മുംബൈയിലേക്ക് പോകും. മാർച്ച് 10 വെള്ളിയാഴ്ച്ച അദ്ദേഹം ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണത്തിൽ പങ്കെടുക്കും. രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്.മന്ത്രി എസ് ജയശങ്കർ എന്നിവരുമായും ഓസ്ട്രേലിയൻ പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.
Post Your Comments