Latest NewsNewsIndia

സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്തു; യുവാവിനെ വിദ്യാര്‍ഥികള്‍ മർദിച്ചു കൊലപ്പെടുത്തി

ഉത്തർപ്രദേശ്: സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊലപ്പെടുത്തി കോളജ് വിദ്യാര്‍ഥികള്‍. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് സംഭവം. പച്ചക്കറി മാര്‍ക്കറ്റ്‌ ജീവനക്കാരനും ജിം ട്രെയ്നറുമായ വിരാട് മിശ്ര (27) ആണ് മരിച്ചത്.

നിറയെ വീടുകളും താമസക്കാരുമുള്ള സ്ഥലത്ത് കമിതാക്കൾ അടുത്തിടപഴകിയതിനെ ചോദ്യം ചെയ്തതിനാണ് ഇവരും സഹപാഠികളും ചേർന്ന് വിരാട് മിശ്രയെ മർദ്ദിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

സാഹിബാബാദിലെ എൽആർ കോളജിനു സമീപം ആണ് ഇയാള്‍ക്ക് മർദ്ദനമേറ്റത്. സംഭവത്തിന് ദൃക്സാക്ഷിയായ ബണ്ടി കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മനീഷ് കുമാർ സ്കൂട്ടർ ഓടിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ചുംബിക്കുന്നത് കണ്ട വിരാട് മിശ്ര അവരെ തടയുകയും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നും, മറ്റെവിടെയങ്കിലും പോകാനും പറയുകയുമായിരുന്നു.

ഇതില്‍ കുപിതനായ മനീഷ് കുമാർ, ഉടൻതന്നെ സുഹൃത്തുക്കളായ വിദ്യാർഥികളെ വിളിച്ചു വരുത്തുകയും അവരെല്ലാം ചേർന്ന് വിരാടിനെ മർദ്ദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ബണ്ടി കുമാറിനെയും ക്രൂരമായി മർദ്ദിച്ചതായി പൊലീസ് പറഞ്ഞു. അതിനുശേഷം അവർ രക്ഷപ്പെടുകയും ചെയ്തു

അക്രമികൾ പോയതിനു പിന്നാലെ വിരാട് മിശ്രയെ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ ഡൽഹിയിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മനീഷ് കുമാറിനും ഇയാളുടെ സുഹൃത്തുക്കളായ മനീഷ് യാദവ്, ഗൗരവ് കസാന, ആകാശ് കുമാർ, പങ്കജ് സിങ്, വിപുൽ കുമാർ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തുമെന്ന് സാഹിബാബാദ് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button