തിരുവനന്തപുരം: മരങ്ങള്‍ക്ക് കരസ്പര്‍ശനം കൊടുത്താല്‍ പിറ്റേദിവസം അതിന്റെ പച്ചപ്പിന് കൂടുതല്‍ ഭംഗിവരുമെന്ന് ഇപ്പോഴും പറയുമെന്ന് നടൻ സുരേഷ് ഗോപി. ഇതൊന്നും സൈക്കോളജിയല്ലെന്നും സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്സവങ്ങളുടെ പേരിൽ തെങ്ങിന് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി സംഗീതം ഉച്ചത്തില്‍ വെച്ചിരുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. ആറ്റുകാല്‍ പൊങ്കാല വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസുമായി പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.
വീട്ടിൽ തന്നെയായിരുന്നു താരം ഇത്തവണയും പൊങ്കാല അർപ്പിച്ചത്. കഴിഞ്ഞ അഞ്ചാറുവര്‍ഷങ്ങളായുള്ള ശീലമാണെന്ന് താരം പറയുന്നു. ‘ഒരുപാട് പ്രഷര്‍ കൂടുന്നതുകൊണ്ട്, അങ്ങോട്ടുപോയി തിക്കിനും തിരക്കിനും ആക്കം കൂട്ടാതെ വീടുകളില്‍ത്തന്നെ പൊങ്കാലയിടുന്ന ഒരുപാടുപേരുണ്ട്. അത് മാതൃകയാക്കിക്കൊണ്ട് നമ്മളും വീട്ടില്‍ത്തന്നെ പൊങ്കാലയിടാന്‍ തുടങ്ങിയത്. നമ്മുടെ നൈവേദ്യം സ്വീകരിക്കാന്‍ അമ്മ ഭക്തര്‍ക്കരികിലേക്ക് വരും എന്നൊരു വിശ്വാസമുണ്ട്. ആ വിശ്വാസമാണ് നമ്മുടെ ആചാരത്തിന് ബലമേകുന്നത്. പൊങ്കാലയടുപ്പിന് അരികിലിരിക്കുന്ന ഓരോ ഭക്തരും അതാണ് വിചാരിക്കുന്നത്’, സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കേരളത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ പൊങ്കാല ഉത്സവത്തിന് വൻ ജനാവലിയാണുള്ളത്. ആറ്റുകാൽ പൊങ്കാലക്ക് ഇക്കുറി വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തിന് പുറത്ത് നിന്നുപോലും ഭക്തരെത്തി പൊങ്കാല അർപ്പിച്ചു.
Post Your Comments