ഊന്നുകൽ: കോതമംഗലം ഊന്നുകല്ലിൽ നിന്നും പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന ഒരു റിപ്പോർട്ടാണ്. കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭർത്താവിന് ഭീഷണി. യുവാവിനെ ഭീഷണിപ്പെടുത്തിയത് കാമുകന്റെ ഭാര്യ തന്നെയാണ് എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ചുണയുണ്ടെങ്കിൽ നേരിട്ട് വരാൻ യുവാവ് തിരിച്ച് പറഞ്ഞതോടെ, ഒരു സംഘം സ്ത്രീകളടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തി യുവാവിനെ മർദ്ദിച്ചത്.
ഇന്നലെ രാത്രിയാണ് ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സംഭവം നടന്നത്. നേര്യമംഗലം സ്വദേശിയുടെ ഭാര്യയാണ് ഒളിച്ചോട്ടം പതിവാക്കിയത്. കോളനിപ്പടിയിലെ യുവാവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. കാമുകനായ ഇയാളും വിവാഹിതനാണ്. കാമുകനും കാമുകിയും അടുത്തിടെ ഒളിച്ചോടി. ഇതുമായി ബന്ധപ്പെട്ട് കോളനിപ്പടിയിലെ യുവാവിന്റെ ഭാര്യ നേര്യമംഗലത്തെ യുവാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി. തന്റെ ഭർത്താവും കാമുകിയും ഒളിച്ചോടിയ വിവരം ആരെയെങ്കിലും അറിയിച്ചാൽ വിവരമറിയും, തട്ടിക്കളയും എന്നായിരുന്നു യുവതി ഭീഷണിപ്പെടുത്തിയത്.
ഞങ്ങൾ നിങ്ങളുടെ വീടിന് സമീപം ഉണ്ടെന്നും ധൈര്യമുണ്ടെങ്കിൽ മുന്നിലേക്ക് വരാനും യുവതി ഭീഷണിപ്പെടുത്തി. ഇതോടെ, നേര്യമംഗലത്തെ യുവാവ് കൂട്ടുകാരുമൊത്ത് സ്ഥലത്തെത്തി. ഇവിടെ സ്ത്രീകളടക്കമുള്ളവർ ഇവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. യുവാവിനെ കണ്ടതും സംഘം ആക്രമണം ആരംഭിച്ചു. ആക്രമണത്തിൽ യുവാവിനും കൂട്ടർക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments