Latest NewsKeralaNews

പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണത്തിൽ ദുരൂഹത, ഇയാൾ മകളെ പീഡിപ്പിച്ച കേസിലെ പ്രതി? – അടിമുടി ദുരൂഹത

കൊച്ചി: ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയും അതിനോടനുബന്ധിച്ച വാദപ്രതിവാദങ്ങളുമാണ് സോഷ്യൽ മീഡിയയിലെയും മാധ്യമങ്ങളിലെയും ചർച്ചാ വിഷയം. താൻ ലഹരിക്കടിമയാണെന്ന് 14 വയസ്സുള്ള പെൺകുട്ടി വെളിപ്പെടുത്തിയ റിപ്പോർട്ടിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ചാനലിനെതിരെ എസ്.എഫ്.ഐ പ്രവർത്തകരും ഇടത് അനുഭാവികളും രംഗത്ത് വന്നു.

സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടും മാനേജ്‌മെന്റോ എഡിറ്റോറിയൽ തലപ്പത്തുള്ളവരോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കേസിലും പെൺകുട്ടിയുടെ വെളിപ്പെടുത്തലിലും ദുരൂഹതകളൊന്നുമില്ലെങ്കിലും, മുൻപ് നടന്ന കേസ് ഇപ്പോഴത്തേത് എന്ന രീതിയിൽ ഏഷ്യാനെറ്റ് നൽകുകയായിരുന്നു. 2022 ജൂലൈയിൽ സഹപാഠി മയക്കുമരുന്ന്‌ നൽകി മകളെ പീഡിപ്പിച്ചുവെന്നു കാണിച്ച്‌ അച്ഛൻ പരാതി നൽകിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ്‌ കേസെടുത്തിരുന്നു. ഈ സംഭവത്തിലെ ഇരയെ ഏഷ്യാനെറ്റിന്റെ വനിതാ റിപ്പോർട്ടർ മുഖംകാണാത്തവിധം അഭിമുഖം നടത്തി സംപ്രേഷണം ചെയ്തിരുന്നു. ഈ അഭിമുഖത്തിന്റെ ശബ്ദം മാത്രം എടുത്ത്‌ ഏഷ്യാനെറ്റിന്റെ ലേഖകനായ നൗഫൽ ബിൻ യൂസഫ്‌ പതിനാലുകാരിയായ മറ്റൊരു പെൺകുട്ടിയുടെ വീഡിയോ എടുത്ത് ചേർത്ത്‌ പുതിയ വാർത്തയാക്കുകയായിരുന്നു. ഇതാണ് വിവാദമായത്.

വാർത്ത വിവാദമായതോടെ പെൺകുട്ടിയുടെ പിതാവിന്റെ അഭിമുഖവും ചാനൽ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ആഗസ്‌തിൽ തന്നെയും മകളെയും വന്നുകണ്ട്‌ അഭിമുഖം നടത്തിയത്‌ നൗഫൽ ബിൻ യൂസഫ്‌ എന്ന റിപ്പോർട്ടറാണെന്നാണ്‌ ഇയാൾ പറയുന്നത്. എന്നാൽ, കണ്ണൂരിൽ സഹപാഠിയുടെ പീഡനത്തിനിരയായതായി പറയുന്ന പെൺകുട്ടിയുടെ പിതാവിനെതിരെ മഹാരാഷ്‌ട്രയിൽ പോക്‌സോ കേസുണ്ട്‌ എന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവരുന്നു. മകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നുവെന്ന്‌ കാണിച്ച്‌ മാതാവ്‌ നൽകിയ പരാതിയിലാണിത്‌. അത്തരമൊരാളെയാണ് റിപ്പോർട്ടിന്റെ ആധികാരികത തെളിയിക്കുന്നതിനായി ചാനൽ ഉപയോഗിച്ചതെന്ന ആരോപണവും ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button