
റിതു രാജിന് ഇനി സന്തോഷത്തിന്റെ കാലം. ജപ്തിയുടെ വക്കിലായിരുന്ന ആധാരം സഹപാഠികൾ എടുത്ത് നൽകിയതിന് പിന്നാലെ, റിതുരാജിന്
ഇരട്ടിമധുരവുമായി സുരേഷ് ഗോപി. നാല് ലക്ഷം രൂപയുടെ സഹായ പ്രഖ്യാപനമാണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. ബാങ്കിൽ ജപ്തിയുടെ വക്കിലായ ആധാരം സഹപാഠികൾ തിരിച്ചെടുത്തു നൽകിയതിന് പിന്നാലെയാണ്, റിതുരാജിന് സുരേഷ് ഗോപി സഹായ വാഗ്ദാനം പ്രഖ്യാപിച്ചത്. ബാങ്കിലായിരുന്ന ആധാരം കയ്യിൽ കിട്ടിയതും പെൺകുട്ടി വിതുമ്പി. മനോരമ ഓൺലൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘കണ്ണ് നനഞ്ഞ് ഹൃദയം നനഞ്ഞ് പങ്കാളികളായ ഈ കുട്ടികളുടെ പ്രവർത്തനം ഏറെ വലുതാണ്. സഹപാഠിക്കു വീടു നിർമിക്കാനുള്ള ഭാരം ഈ കുട്ടികളിൽ നിന്ന് ഞാൻ ഏറ്റെടുക്കുന്നു’, സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി ഇനിഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായപ്രഖ്യാപനം. പുതിയ വീടിന്റെ പണി ഉടൻ തന്നെ തുടങ്ങണമെന്ന് സേവാഭാരതിക്ക് നിർദേശവും നൽകി.
2014–ൽ വീട്ടാവശ്യത്തിനെടുത്ത ഒന്നേകാൽ ലക്ഷം രൂപയുടെ അടവ് മുടങ്ങിയതാണ് റിതുവിന്റെ വീടും സ്ഥലവും ജപ്തിയാകാൻ കാരണമായത്. അച്ഛന് തൊഴിൽ നഷ്ടമായതും, അമ്മയുടെ അപകടവും കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കി. സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ശലഭാ ശങ്കറും സഹപാഠികളും ലോട്ടറി വിറ്റും ബിരിയാണി ചാലഞ്ച് നടത്തിയും ഡിഷ് വാഷ് ഉൽപന്നങ്ങൾ ഉണ്ടാക്കി വിറ്റും 50 രൂപയുടെ കൂപ്പൺ വിറ്റും ശേഖരിച്ച പണം തിരിച്ചടച്ചാണ് ബാങ്കിലെ ആധാരം സഹപാഠികളുടെ സഹായത്തോടെ തിരിച്ചെടുത്തത്.
Post Your Comments