ലക്നൗ: കുപ്രസിദ്ധ ഗ്യാങ്സ്റ്ററും എസ്പിയുടെ നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ സഹായിയുടെ വീട് യു.പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചുനീക്കി. പ്രയാഗ്രാജിലെ ഉമേഷ് പാല്‍ കൊലപാതക കേസില്‍ പോലീസ് അന്വേഷണം നേരിടുന്ന പ്രതിയുടെ വീടാണ് ബുള്‍ഡോസര്‍ നടപടി നേരിട്ടത്. അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.പി സര്‍ക്കാരിന്റെ നീക്കം.
ബുധനാഴ്ച രാവിലെ പ്രയാഗ്‌രാജ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (പിഡിഎ) ഉദ്യോഗസ്ഥരെത്തി വീട് പൊളിച്ചുനീക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. പ്രയാഗ്‌രാജിലെ കരേലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചാക്കിയ എന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്തിരുന്നത്. അനധികൃതമായി കെട്ടിപ്പടുത്ത നിര്‍മ്മിതി ഏകദേശം 2.5 കോടി രൂപ വിലമതിക്കുമെന്നും പിഡിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ഉമേഷ് പാല്‍ കൊല്ലപ്പെട്ടത്. 2005ല്‍ രാജുപാല്‍ എംഎല്‍എയെ വധിച്ച സംഭവത്തിലെ സുപ്രധാന സാക്ഷിയായിരുന്നു ഉമേഷ്. ഇക്കാരണത്താല്‍ പോലീസ് സുരക്ഷയില്‍ കഴിയുകയായിരുന്ന ഉമേഷിനെ അജ്ഞാത സംഘമെത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രയാഗ്‌രാജിലുള്ള ഉമേഷിന്റെ വസതിക്ക് പുറത്തുവച്ച് പട്ടാപ്പകല്‍ സമയത്തായിരുന്നു സംഭവം.
ആക്രമണത്തില്‍ ഉമേഷിനൊപ്പമുണ്ടായിരുന്ന ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മറ്റൊരു സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജുപാല്‍ വധവുമായി ബന്ധപ്പെട്ട് നിലവില്‍ ജയിലില്‍ കഴിയുന്ന പ്രധാന പ്രതി ആതിഖ് അഹമ്മദിന്റെ (എസ്പിയുടെ മുന്‍ എംപി) സഹായികളാണ് ഉമേഷിനെ വധിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിന് വേണ്ടി ഗുജറാത്തിലെ സബര്‍മതി ജയിലില്‍ വച്ച് ആതിഖ് ഗൂഢാലോചന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments