
കൊല്ലം: മുൻവിരോധത്തിൽ വഴിയിൽ തടഞ്ഞ് നിർത്തി അക്രമം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഞാറയ്ക്കൽ ആപ്പഴികം വീട്ടിൽ സതീഷ് (38) ആണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ജനുവരി 29-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അജിത്കുമാറിനേയും സുഹൃത്തിനേയും ആനചുട്ട മുക്കിന് സമീപം പ്രതിയും സുഹൃത്തുക്കളും വഴിയിൽ വെച്ച് തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന്, ഇരുവരും വാക്ക്തർക്കത്തിൽ ഏർപ്പെടുകയും പ്രതികളിൽ ഒരാൾ കമ്പിവടി കൊണ്ട് അജിത്കുമാറിന്റെ സുഹൃത്തായ ഉണ്ണികൃഷ്ണന്റെ തലയിൽ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
തുടർന്ന്, അജിത്കുമാർ നൽകിയ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി.
അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജയശങ്കർ, ഗിരീഷ്, ആന്റണി എഎസ്ഐ രാഗേഷ്, സിപിഒ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments