
കാളികാവ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. നേരിൽ കാണാൻ കാമുകൻ കൈമാറിയ ലൊക്കേഷൻ നോക്കി വീട്ടിൽ വന്നുകയറിയ കാമുകിയെ കണ്ട് ഞെട്ടി യുവാവ്. രണ്ടുദിവസം മുൻപ് കാളികാവ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാമുകന്റെ പ്രായം 22. ഇൻസ്റ്റാഗ്രാമിൽ യുവതിയെ പരിചയപ്പെട്ടപ്പോൾ തന്നെ യുവാവ് അത് തുറന്നു പറഞ്ഞിരുന്നു. എന്നാൽ, കാമുകി തനിക്ക്, 18 വയസ്സെന്ന് ആണ് പറഞ്ഞിരുന്നത്. എന്നാൽ കാമുകി യുവാവിന്റെ വീട്ടില്‍ എത്തിയതോടെയാണ് ഇവര്‍ക്ക് തന്റെ അമ്മയുടെ പ്രായമുണ്ട് എന്നും 22 വയസ്സുള്ള മകൻ ഉണ്ടെന്നും മനസ്സിലാക്കിയത്.
ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒന്നിച്ചു ജീവിതം തുടരാനാണ് വന്നതെന്നായിരുന്നു നിലപാട്. ഇതോടെ യുവാവ് ഒടുവിൽ പോലീസിന്റെ സഹായം തേടി. സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നേരത്തേ കോഴിക്കോട് പോലീസിൽ പരാതിപ്പെട്ടിരുന്നു. വിവരം ലഭിച്ച് കോഴിക്കോട്ട് നിന്ന് ബന്ധുക്കൾ കാളികാവിലെത്തി.
കാമുകൻ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. പോലീസിന്റെ കണ്ണുവെട്ടിച്ച് കാമുകനെ കൈകാര്യം ചെയ്യാനുള്ള ആസൂത്രണവുമായാണ് അവർ വന്നത്. ഇത് മനസ്സിലാക്കി പോലീസ് സ്റ്റേഷനിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയ കാമുകനെ ബന്ധുക്കൾ ഇടവഴിയിലൂടെ കുടുംബവീട്ടിലേക്കു മാറ്റി രക്ഷിച്ചെടുത്തു. കാമുകിയെ ബന്ധുക്കൾ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയും ചെയ്തു.
Post Your Comments