കൊല്ലം: ചെറിയ അളവ് കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് കൊല്ലം എക്സൈസ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയ പ്രതിക്ക് ആറുമാസം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനാപുരം തലവൂർ ഞാറക്കാട് ഐക്കര വീട്ടിൽ താഴത്തിൽ ബി. സുന്ദരൻ പിള്ളയെ ആണ് കോടതി ശിക്ഷിച്ചത്. പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ശിക്ഷ വിധിച്ചത്. ആറ് മാസം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
Read Also : യുവജന കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയുടെ മുക്കാല്‍ ഭാഗത്തോളം ചിന്ത ജെറോമിന് ശമ്പളമായി നല്കി
2011 ഒക്ടോബർ 28-ന് ആണ് കേസിനാസ്പദമായ സംഭവം. 425 ഗ്രാം കഞ്ചാവുമായി സുന്ദരേശനെ കുര റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്ത് നിന്നാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ. ബാബുവും സംഘവും ചേർന്ന് പിടികൂടിയത്. എൻ.ഡി.പി.എസ് നിയമത്തിൽ ഒരു കിലോയിൽ താഴെ അളവ് കഞ്ചാവ് കേസുകളെയാണ് ചെറിയ അളവ് കേസുകളായി കണക്കാക്കുന്നത്. ഒരു കിലോയിൽ താഴെ അളവ് കഞ്ചാവ് കേസുകളിൽ പിഴചുമത്തി വിട്ടയക്കാറാണ് പതിവ്. നിലവിൽ ലഹരി കേസുകൾ ഏറി വരുന്ന സാഹചര്യത്തിൽ കോടതി നിയമം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.കെ. അശോകന്റെതാണ് വിധി. എക്സൈസിന് വേണ്ടി അസി: പബ്ലിക് പ്രോസിക്യൂട്ടർ എസ്. സലിൽ രാജ് ഹാജരായി. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
Post Your Comments