കൊച്ചി: രാഷ്ട്രീയത്തിലേക്ക് ഒരിക്കലുമില്ലെന്ന് വ്യക്തമാക്കി നടൻ ബൈജു. രാഷ്ട്രീയ പ്രവർത്തനം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, താൻ ഒരിക്കലും രാഷ്ട്രീയ പ്രവേശനം നടത്തില്ലെന്നും ബൈജു വെളിപ്പെടുത്തി. തന്റെ സഹപ്രവർത്തകരായ ഇന്നസെന്റ്, സുരേഷ് ഗോപി, ജഗദീഷ് തുടങ്ങിയവരുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നസെന്റിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുണ്ടായിരുന്നില്ലെന്നും പാർട്ടിക്കാരാണ് അദ്ദേഹത്തെ നിർബന്ധിപ്പിച്ച് നിർത്തിയതെന്നും ബൈജു പറയുന്നു. മൂന്ന് തവണ മത്സരിച്ച മുകേഷ് ഇത്തവണ മത്സരിക്കാനിറങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന് ഭൂരിപക്ഷം കുറയുമെന്ന് പ്രതീക്ഷിച്ചതാണെന്നും ഇനി മത്സരിച്ചാൽ മുകേഷ് പരാജയപ്പെടുമെന്നും ബൈജു പറയുന്നു. അഭിമുഖത്തിൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതത്തെ പുകഴ്ത്തിയ അദ്ദേഹം, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകാതിരിക്കുന്നതാകും നല്ലതെന്നും ഉപദേശിക്കുന്നുണ്ട്.
‘ജനങ്ങൾക്കായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി. എം.പി ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുന്നതൊക്കെ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. അടുത്ത തവണ അയാൾ തൃശൂരിൽ മത്സരിക്കുന്നുണ്ടല്ലോ? ജയിക്കുമോ എന്ന് നോക്കാം. തൃശൂർ ഉള്ളവർ പറഞ്ഞത് അടുത്ത തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ്. നമുക്ക് നോക്കാം എന്താ സംഭവിക്കുക എന്ന്. കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുന്നത് കൊണ്ട്, തൃശൂരിൽ നിന്നും സുരേഷ് ഗോപി ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണം ലഭിക്കുമായിരിക്കും. പക്ഷെ ഇത്തവണ ജയിച്ചില്ലെങ്കിൽ ദയവ് ചെയ്ത് പിന്നീട് ആ വഴിക്ക് പോകരുതെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ മത്സരമായിരിക്കുമെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്’, ബൈജു പറയുന്നു.
Post Your Comments