Latest NewsNewsIndia

പാക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ച കടക്കാരനെ കൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ച് ജനക്കൂട്ടം: വീഡിയോ വൈറൽ

ഗോവ: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു പിന്തുണ പ്രഖ്യാപിച്ചയാളെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് ജനക്കൂട്ടം. ഗോവയിലെ കലന്‍ഗൂട്ടിലാണ് സംഭവം. ഇവിടെ കട നടത്തുന്ന ഒരാള്‍ പാക് ക്രിക്കറ്റ് ടീമിനാണ് തന്റെ പിന്തുണയെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് ഒരു സംഘം ആളുകളെ ഇയാളെ തേടിയെത്തിയതും, മാപ്പ് പറയിപ്പിച്ചതും. ഇന്ത്യയിൽ നിന്ന് കൊണ്ട് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുകയും, പാകിസ്ഥാന് ജയ് വിളിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ ജനക്കൂട്ടം മുട്ടുകുത്തി നിന്ന് കൊണ്ട് ഈ രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കാനും ആവശ്യപ്പെട്ടു.

ജനക്കൂട്ടത്തിന്റെ ആവശ്യങ്ങളോട് ആദ്യം ഇയാൾ പ്രതികരിച്ചില്ല. ചെയ്യാൻ കഴിയില്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ, പിന്നീട് അയാള്‍ മുട്ടുകുത്തി കൈകള്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് മാപ്പു ചോദിച്ചു. തുടര്‍ന്ന് ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിക്കാന്‍ ആള്‍ക്കൂട്ടം ഇയാളെ നിര്‍ബന്ധിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. ‘ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു ബാബ, ഞാൻ ഇന്ത്യയെ ശരിക്കും സ്നേഹിക്കുന്നു’ കൂപ്പുകൈകളോടെ ഇയാൾ പറയുന്നത് വീഡിയോയിൽ കാണാം.

‘ഇതു പൂര്‍ണമായും കലന്‍ഗൂട്ട് ഗ്രാമമാണ്. മതത്തിന്റെ പേരില്‍ ഈ രാജ്യത്തെ വിഭജിക്കരുത്’ എന്ന് ഒരു പ്രതിഷേധക്കാരന്‍ കടക്കാരനോടു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പാകിസ്ഥാനെയാണ് ഇഷ്ടമെങ്കിൽ പിന്നെ ഇന്ത്യയിൽ നിൽക്കുന്നത് എന്തിനാണ്? പാകിസ്ഥാനിലേക്ക് പൊയ്ക്കൂടേ എന്ന് മറ്റൊരാളും ചോദിക്കുന്നുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

പാകിസ്ഥാന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് പരമ്പര നടക്കുന്ന സമയത്താണ് വ്‌ളോഗര്‍ കടക്കാരനുമൊത്ത് വീഡിയോ ചിത്രീകരിച്ചത്. ‘താങ്കള്‍ ന്യൂസീലന്‍ഡിനെയാണോ പിന്തുണയ്ക്കുന്നത്’ എന്നും വ്ലോഗർ ചോദിച്ചപ്പോള്‍ തന്റെ പിന്തുണ പാകിസ്ഥാനാണെന്ന് ഇയാള്‍ മറുപടി നല്‍കിയത്. ഒപ്പം മതപരമായ പരാമര്‍ശവും നടത്തി. ഇതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button