തിരുവനന്തപുരം: ഇസ്രായേലിലെ കൃഷി രീതി പഠിക്കാൻ സർക്കാർ അയച്ച സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യനെ കണ്ടെത്തി. ഇസ്രായേലി ആഭ്യന്തര പോലീസാണ് ബിജുവിനെ കണ്ടെത്തിയത്. ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നും നാളെ പുലർച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിനായി കേരളത്തിൽനിന്ന് ഇസ്രായിലിലെത്തിയ സംഘത്തിൽ നിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്. ഇസ്രായേലിൽ തൊഴിൽ ചെയ്ത്, പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജു മുങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, സത്യമതേല്ലെന്നും ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് ബിജു സംഘത്തിൽ നിന്നും മുങ്ങിയതെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
ബിജു ജെറുസലേമിലും ബത്‌ലഹേമിലും സന്ദർശനം നടത്തി. ബെത്ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം തിരികെ സംഘത്തിനൊപ്പം ചേരാമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്പോഴേക്കും കൃഷി പഠിക്കാനെത്തിയ പ്രതിനിധി സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.
Post Your Comments