മൊബൈൽ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ പുതിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനൊരുങ്ങി കേരള പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച ഡിജിറ്റൽ ഡി അഡിക്ഷൻ (ഡി ഡാഡ്) പദ്ധതി മാർച്ച് ആദ്യ വാരം പ്രവർത്തനം ആരംഭിക്കുന്നതാണ്. കുട്ടികൾക്കാവശ്യമായ വിദഗ്ധ കൗൺസിലിംഗ് നൽകി പുതിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഡി ഡാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതാണ്.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡി ഡാഡ് പ്രവർത്തിക്കുക. പോലീസ് സ്റ്റേഷനുകളോട് അനുബന്ധമായിട്ടാണ് പദ്ധതിയുടെ പ്രവർത്തനം. പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് ഓൺലൈനായി കൗൺസിലിംഗ് നൽകുന്നതാണ്. അതേസമയം, ഓൺലൈൻ കൗൺസിലിംഗിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സ നൽകും. ഡി ഡാഡിന്റെ സേവനം ലഭിക്കുന്നതിനായി 9497 900 200 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്. കുട്ടികളുമായി നേരിട്ട് എത്തിയും പ്രശ്നപരിഹാരം തേടാനുള്ള അവസരമുണ്ട്.
Post Your Comments