Latest NewsKeralaCinemaMollywoodNewsEntertainment

‘അവളെ കീഴടക്കാൻ ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട മടങ്ങിവരവ്’: വിധു വിൻസെന്റ്

ആറ് വർഷത്തെ നീണ്ട ഇടവേളയ്‌ക്കു ശേഷം മലയാള സിനിമയിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങുന്ന ഭാവനയ്ക്ക് ആശംസകൾ അറിയിച്ച് സംവിധായിക വിധു വിൻസെന്റ്. ഭാവന നായികയാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. മടങ്ങിവരവ് ചിത്രത്തിൽ ഷറഫുദീനാണ് ഭാവനയുടെ നായകൻ. രണ്ടാം വരവിൽ ഭാവനയ്ക്ക് ആശംസയുമായി താരലോകം ഒപ്പമുണ്ട്. സഹപ്രവർത്തകരും താരങ്ങളുമായ നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ജാക്കി ഷ്‌റോഫ്, മഞ്ജു വാര്യർ, പ്രിയ മണി, പാർവതി, മുതിർന്ന മാധ്യമപ്രവർത്തകൻ ജിതേഷ് പിള്ള തുടങ്ങിയവർ വീഡിയോ ആശംസകൾ നേർന്നു.

കീഴടക്കാൻ ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ടുകൊണ്ടുള്ള മടങ്ങിവരവാണിതെന്ന് വിധു വിൻസെന്റ് ഫേസ്‌ബുക്കിൽ കുറിച്ചു. ആയിരകണക്കിന് സ്ത്രീകൾക്ക് ആശ്വാസമായി അവൾ ഇനിയും വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് വിധു വിൻസെന്റ് പറയുന്നു. ഒപ്പം, നയന സൂര്യയുടെ ദുരൂഹ ആത്മഹത്യയിൽ കൃത്യമായ അന്വേഷണം വേണമെന്നും സംവിധായിക ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

വിധു വിൻസെന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

തന്നെ നിശബ്ദയാക്കാനും തോല്പിക്കാനും ശ്രമിച്ചവരിൽ നിന്ന് കുതറിമാറി തോല്ക്കാൻ മനസ്സില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഭാവന തിരിച്ചു വരുന്നത്. ആരൊക്കെയാണോ അവളെ കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചത് അവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ടു കൊണ്ടാണ് ഈ മടങ്ങിവരവ്. നിശ്ശബ്ദയാക്കാൻ ശ്രമിച്ചവർക്കെതിരേയുള്ള ജീവിക്കുന്ന സാക്ഷ്യം പറച്ചിലായി അവൾ ഇവിടെത്തന്നെയുണ്ടാവും. ഭാവനയുടെ മടങ്ങിവരവിനായി ആഗ്രഹിച്ച മനുഷ്യർക്ക്, ആയിരകണക്കിന് സ്ത്രീകൾക്ക് ആശ്വാസമായി അവൾ ഇനിയും വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള ഈ മടങ്ങിവരവിന് ഒരായിരം അഭിവാദ്യങ്ങൾ??????
അതേ സമയം ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലാതെ പോയ നിർഭാഗ്യ ജന്മമായി നയന സൂര്യന്റേത്. നയനയുടെ 32ാം ജന്മദിനമായിരുന്നു ഇന്നലെ , മരണ ദിനവും. നയനയെ നിശ്ശബ്ദയാക്കാൻ ശ്രമിച്ചവർക്ക് അവരുടെ കണക്ക് കൂട്ടലുകൾ പിഴച്ചില്ല. ആ മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും അപൂർവ രോഗത്തിനടിമയായിരുന്നു എന്ന് നിയമ സംവിധാനങ്ങളെക്കൊണ്ട് പറയിപ്പിക്കാനും അവളെ നിശബ്ദരാക്കിയവർക്ക് കഴിഞ്ഞു. അത്രമേൽ അധികാര വൃന്ദങളിന്മേൽ സ്വാധീനമുള്ളവരായിരുന്നിരിക്കും അവളുടെ കൊലയാളികൾ . അതിനാൽ തന്നെ ‘അജ്ഞാത’മായ കാരണങളാൽ കൊല ചെയ്യപ്പെട്ട നയനയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഉറക്കെ പറയാനുള്ള ആർജവം രാഷ്ട്രീയ കേരളത്തിനും ഇല്ലാതെ പോയി. ആടിനെ പട്ടിയാക്കിയ അതേ പോലീസ് സംവിധാനത്തെ ഉപയോഗിച്ചു കൊണ്ട് അന്വേഷണം നടക്കുന്നുണ്ട് എന്ന് പറയാമെങ്കിലും ശരിക്കും സംശയിക്കപ്പെടേണ്ടവരിലേക്ക് ഇതുവരെയും അന്വേഷണം എത്തിയിട്ടില്ലാ എന്നതാണ് യാഥാർത്ഥ്യം. അധികാരത്തിന്റെ തണൽ മരങ്ങൾക്ക് കീഴെ വിഹരിക്കുന്ന ഇവരുടെ നേർക്ക് സംശയത്തിന്റെ സൂചി മുന എത്തുമോ എന്നു പോലും നിശ്ചയമില്ല.
അതിജീവിച്ച ഭാവനയെയും കൊലചെയ്യപ്പെട്ട നയനയെയും ഒന്നിപ്പിക്കുന്നത് സിനിമയാണ്. രണ്ടു പേരും സിനിമ മാത്രം സ്വപ്നം കണ്ടവരാണ് – ബാക്കിയാക്കി വച്ച സ്വപ്നങൾ പൂർത്തീകരിക്കാൻ ഭാവന തിരിച്ച് വരുമ്പോൾ അതിശയകരമായ സ്വപ്നങ്ങൾ ബാക്കിയാക്കി നയന ഇനി മടക്കമില്ലാത്ത വിധം തിരിച്ചു പോയിരിക്കുന്നു. ഒരു കുറ്റവാളിക്കും മാപ്പില്ല അത് ഭാവനയുടെ കാര്യത്തിലാണെങ്കിലും നയനയുടെ കാര്യത്തിലാണെങ്കിലും. കാരണം ഇതുരണ്ടും ഒരു കാരണവശാലും ഇവിടെ ആവർത്തിച്ചു കൂടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button