തൊടുപുഴ: കോളജ് വിദ്യാർഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന പോളിടെക്നിക് വിദ്യാർത്ഥി പിടിയിൽ. ആലപ്പുഴ എഴുപുന്ന റെയിൽവെ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടിൽ അമൽ ജ്യോതിയാണ് (21) തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 0.8 ഗ്രാം എം.ഡി.എം.യും പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അമൽ കുടുങ്ങിയത്.
പ്രതി കച്ചവടം നടത്തിയിരുന്ന ലോഡ്ജുകളിലും ഹോസ്റ്റലുകളിലും പോലീസ് പരിശോധന നടത്തി. വാട്സ്ആപ്പ് വഴിയാണ് ഇയാളുടെ ഇടപാടുകൾ. ആവശ്യക്കാർ വാട്സ്ആപ്പിൽ ഇയാൾക്ക് മെസേജ് അയക്കും, ഒപ്പം ലൊക്കേഷനും. ഇതിനനുസരിച്ച് അമൽ കസ്റ്റമേഴ്സിന്റെ അടുക്കൽ നേരിട്ടെത്തി ‘സാധനം’ കൊടുക്കും. ആൺകുട്ടികളും പെൺകുട്ടികളും ഇയാളുടെ കസ്റ്റമേഴ്സ് ആണ്. എന്നാൽ, വിദ്യാർത്ഥികളാണ് പെൺകുട്ടികൾക്കാണ് ആവശ്യം കൂടുതല്ലെന്നാണ് ഇയാൾ പറയുന്നത്. ഒരു മാസം മുമ്പ് എക്സൈസും അമലിനെ ലഹരിയുമായി പിടികൂടിയിരുന്നു.
അമലിന്റെ കൂട്ടാളികളെയും ഇവർക്ക് ലഹരി എത്തിച്ചു നൽകുന്നവരെയും കുറിച്ചും അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്.എച്ച്.ഒ വിഷ്ണുകുമാർ പറഞ്ഞു. വലിയൊരു സംഘത്തിലെ ചെറിയ കണ്ണി മാത്രമാണ് അമലെന്നാണ് പോലീസ് ഭാഷ്യം. അമലിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. തൊടുപുഴ ഡിവൈ.എസ്.പി. മധു ബാബു, എസ്.എച്ച്.ഒ. വിഷ്ണുകുമാർ, എ.എസ്.ഐമാരായ നജീബ്, ഷംസുദ്ദീൻ, ഉണ്ണിക്കൃഷ്ണൻ, സി.പി.ഒ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Post Your Comments