
പട്ടിക്കാട്: കാർ മൈൽകുറ്റിയിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ ബാബു (25) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നിസാമിനെ (25) ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അപകടം. മൈൽകുറ്റിയിൽ ഇടിച്ച് പലതവണ മറിഞ്ഞ കാർ പൂർണമായി തകർന്നു. ബംഗളൂരിൽ നിന്ന് പള്ളുരുത്തിയിലേക്കു പോയിരുന്ന ആറംഗസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
കാറിൽ ഉണ്ടായിരുന്ന മറ്റു നാലുപേർക്ക് നിസാര പരിക്കുകളാണുള്ളത്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഫാസ്റ്റ് ട്രാക്കിൽ പോയിരുന്ന ഇവരുടെ വാഹനം ദേശീയപാതയോരത്തെ മൈൽകുറ്റിയിൽ ഇടിച്ചതിനെ തുടർന്നാണ് മറിഞ്ഞത്.
ദേശീയപാതയിൽ അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ദേശീയപാത റിക്കവറി വിഭാഗം, പീച്ചി പൊലീസ്, മണ്ണുത്തി ഹൈവേ പൊലീസ് എന്നിവർ സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Post Your Comments