മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച പ്രകടനം കാഴ്ചവച്ച് ടോറന്റ് പവർ ലിമിറ്റഡ്. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ അറ്റാദായം 88 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, അറ്റാദായം 694.5 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 369.4 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. അറ്റാദായത്തിന് പുറമേ, കമ്പനിയുടെ മൊത്ത വരുമാനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അവലോകന പാദത്തിൽ മൊത്ത വരുമാനം 71 ശതമാനം വർദ്ധിച്ച് 6,442.8 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇത് 3,767.4 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ പ്രവർത്തന വരുമാനം 53 ശതമാനം ഉയർന്ന് 1,527 കോടി രൂപയായി. വിതരണ ബിസിനസുകളിൽ നിന്നും ലഭിച്ച ഉയർന്ന ആദായം വരുമാനം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഇത്തവണ നിക്ഷേപകർക്കായി ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 22 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്.
Post Your Comments