
കുമ്പള: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ താഴെ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൊഗ്രാൽ ചളിയങ്കോട്ടെ അബ്ദു റഹ്മാന്റെ മകൻ സി.എം. അലി അക്ബറിനാണ് (19) പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ എട്ടിന് കുമ്പള റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു.
കാഞ്ഞങ്ങാട്ട് സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിയാണ് അലി അക്ബർ. വിദ്യാർത്ഥി ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ കുടുങ്ങിയത് കണ്ട മറ്റ് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാർത്ഥിയുടെ നടുവിനും വയറിനും കൈകാലുകൾക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. വിദ്യാർത്ഥി അപകടനില തരണം ചെയ്തിട്ടില്ല.
Post Your Comments