Latest NewsKeralaNews

ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികള്‍; കേരളാ പൊലീസ് സർവേ റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തില്‍ മയക്കുമരുന്നിന് ഇരകളായ 21 വയസ്സിന് താഴെയുള്ളവർക്കിടയിൽ നടത്തിയ സർവേയില്‍ അവരിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്ന് കണ്ടെത്തല്‍. കേരള പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് റാക്കറ്റുകളില്‍പെടുന്ന ഇവരെ കാരിയറുകളായും ലഹരിമരുന്ന് മാഫിയ ഉപയോഗിക്കുന്നുണ്ടെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ കോളേജുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോൾ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നത്. അതില്‍പ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണ് എന്ന് സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നിന്റെ നോഡല്‍ ഓഫീസര്‍ കൂടി ആയ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ പറഞ്ഞു.

പെണ്‍കുട്ടികളെ ലഹരി റാക്കറ്റുകളിലേക്ക് വീഴ്ത്താനായി ലഹരി മരുന്ന് മാഫിയയ്ക്കായി ചില സ്ത്രീകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച ശേഷം അവരെ ലഹരി ഉപയോഗിക്കാനായി പ്രേരിപ്പിക്കുകയാണ് ഈ സ്ത്രീകളുടെ ജോലി. സ്‌കൂളുകളോട് ചേര്‍ന്നുള്ള ചെറിയ തട്ടുകടകളിലും പെട്ടിക്കടകളിലും ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളുടെ പരിസരം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സമീപമുള്ള തട്ടുകടകളിലും പെട്ടിക്കടകളിലും മറ്റുമായി പോലീസ് 18,301 ഇടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിനെ തുടർന്ന് 401 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തു.

റെയ്ഡില്‍ 462 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ 20.97 കിലോ കഞ്ചാവും 186.38 ഗ്രാം എംഡിഎംഎയും 1122.1 ഗ്രാം ഹാഷിഷും പൊലീസ് കണ്ടെത്തി. സ്‌കൂള്‍ കുട്ടികളിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന എല്ലാ കാരിയേഴ്‌സിനെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button