ദുബായ്: യുഎഇയിലേക്ക് എടുത്ത സന്ദർശക വിസ ഉപയോഗിച്ചില്ലെങ്കിൽ ഇനി മുതൽ സ്വയം റദ്ദാകില്ല. നിശ്ചിത ഫീസ് നൽകി അപേക്ഷ നൽകിയാൽ മാത്രമെ ഇനി മുതൽ വിസ റദ്ദാക്കാൻ കഴിയൂ. അല്ലെങ്കിൽ വിസയുടെ കാലാവധി നീട്ടാൻ അപേക്ഷിക്കാം. ഒരിക്കൽ അനുവദിച്ച വിസ ഉപയോഗിക്കാതിരുന്നാൽ പിന്നീട്, മറ്റു വിസയ്ക്ക് അപേക്ഷിക്കുമ്പോൾ അനുമതി ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഒരു മാസത്തെ സന്ദർശക വിസ ലഭിച്ചയാൾ 30 ദിവസത്തിനിടെ രാജ്യത്ത് എത്തിയില്ലെങ്കിൽ ഇമിഗ്രേഷൻ സൈറ്റിൽ പോയി വിസ റദ്ദാക്കേണ്ടതാണ്. അല്ലെങ്കിൽ സന്ദർശക വിസയുടെ കാലാവധി 30 ദിവസത്തേക്ക് കൂട്ടി നീട്ടിയെടുക്കണം. 200 ദിർഹമാണ് ഇതിന് ഫീസ്. ഉപയോഗിക്കാത്ത സന്ദർശക വിസ റദ്ദാക്കിയാൽ മാത്രമേ പുതിയ സന്ദർശക വിസ ലഭിക്കൂ എന്ന രീതിയിലേക്ക് ഇമിഗ്രേഷന്റെ പോർട്ടൽ സംവിധാനം പൂർണമായും മാറി.
വിസ റദ്ദാക്കാത്തവരുടെ അപേക്ഷകൾ ഇമിഗ്രേഷന്റെ വെബ്‌സൈറ്റ് സ്വയം നിരസിക്കും. നേരത്തെ ഉപയോഗിക്കാത്ത വിസ കാലാവധി കഴിയുമ്പോൾ ഇമിഗ്രേഷന്റെ കംപ്യൂട്ടർ സംവിധാനത്തിൽ നിന്നു തനിയെ റദ്ദാകുമായിരുന്നു. ഈ സംവിധാനത്തിലാണ് ഇപ്പോൾ മാറ്റം വന്നിട്ടുള്ളത്.
Read Also: ഭൂകമ്പത്തെത്തുടർന്ന് തുർക്കി തണുത്തു വിറയ്ക്കുമ്പോൾ പ്രതീക്ഷയുടെ വിളക്കുമാടമായി ഇന്ത്യൻ ഡോക്ടർമാർ
Post Your Comments